സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാധനം വാങ്ങി, ചില്ലറ ഇല്ലെന്നുസൂത്രം പറഞ്ഞ് 600 രൂപ കടംവാങ്ങി യുവതികള്‍ മുങ്ങി. അല്‍പംകഴിഞ്ഞ് മനസ്സിലായി മൊബൈലും പോയെന്ന്, സിസിടിവി നോക്കി രണ്ടു യുവതികളെയും അറസ്റ്റ് ചെയ്തു

കോട്ടയം: സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാധനം വാങ്ങി, ചില്ലറ ഇല്ലെന്നുസൂത്രം പറഞ്ഞ് 600 രൂപ കടംവാങ്ങിയ യുവതികള്‍ മുങ്ങി. അല്‍പംകഴിഞ്ഞ് മനസ്സിലായി മൊബൈലും അടിച്ചുമാറ്റിയെന്ന്, സിസിടിവി നോക്കി രണ്ടു യുവതികളെയും അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വെച്ചൂര്‍ സ്വദേശികളായ ഷീബ (39), റസിയ (39) എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ എസ്‌ഐ അനൂപ് സി നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം നീണ്ടൂരിലാണ് സംഭവം. ഇരുവരുംചേര്‍ന്ന് സാധനം വാങ്ങിയശേഷം കാഷ്യറുടെ മൊബൈല്‍ ഫോണുമായാണ് സ്ഥലംവിട്ടത്.

ഇരുവരും ചേര്‍ന്ന് ഷോപ്പിങ് നടത്തിയശേഷം റസിയ സമീപത്തെ കടയില്‍നിന്ന് പച്ചക്കറി വാങ്ങാനെന്നുപറഞ്ഞ് പോയി. 2000ന്റെ രൂപയുടെ നോട്ടാണ് കൈയിലുള്ളതെന്നും പച്ചക്കറി വാങ്ങാന്‍ 600 രൂപ തരണമെന്നും ബില്‍ അടയ്ക്കുമ്പോള്‍ നല്‍കാമെന്നും പറഞ്ഞ് ജീവനക്കാരന്റെ പക്കല്‍നിന്ന് രൂപയും വാങ്ങിയാണ് റസിയ പോയത്. അല്‍പ്പസമയത്തിനുശേഷം വാങ്ങിയ സാധനങ്ങളുമായി ഷീബയും പുറത്തിറങ്ങി സ്ഥലംവിട്ടു. ഏറെസമയം കഴിഞ്ഞാണ് കാഷ്യര്‍ മൊബൈല്‍ ഫോണ്‍ അന്വേഷിച്ചത്. ഫോണ്‍ നഷ്ടപ്പെട്ടുവെന്നു മനസിലായതോടെ സിസിടിവി പരിശോധിച്ചു. ഇതില്‍നിന്ന് പ്രതികളുടെ ദൃശ്യങ്ങള്‍ കണ്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം