ന്യൂഡല്‍ഹി: കൊവിഡ് 19നുള്ള മരുന്ന് കണ്ടുപിടിച്ചതായി യോഗ ഗുരു രാംദേവ് നയിക്കുന്ന പതഞ്ജലി ഗ്രൂപ്പ്. 80 ശതമാനം വിജയമാണ് ഇതുസംബന്ധിച്ച ഗവേഷണത്തില്‍ കൈവരിച്ചിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കി.
ക്ലിനിക്കല്‍ പരിശോധന നടത്തിയതിന്റെ ഫലങ്ങള്‍ അടുത്ത് തന്നെ പതഞ്ജലി പുറത്ത് വിടുമെന്ന് പതഞ്ജലി സി.ഇ.ഓ ആചാര്യ ബാലകൃഷ്ണ ശനിയാഴ്ച (13-06-20) പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പരിശോധനകള്‍ നടത്തിയതെന്നും ആചാര്യ ബാലകൃഷ്ണ പറഞ്ഞു. ആയുര്‍വേദത്തിലൂടെ കോവിഡിന് പരിഹാരം സാധ്യമാണെന്ന് നമുക്ക് പറയാം. ഞങ്ങള്‍ നിയന്ത്രിത ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മാത്രമാണ് നടത്തുന്നത്. അടുത്ത 4-5 ദിവസത്തിനുള്ളില്‍ തെളിവുകളും ഡാറ്റയും ഞങ്ങള്‍ പുറത്തുവിടും, ”അദ്ദേഹം പറഞ്ഞു.
അഞ്ച് മുതല്‍ 14 ദിവസത്തിനുള്ളില്‍ കോവിഡ് -19 രോഗികളെ സുഖപ്പെടുത്തുന്നതിന് സാധിച്ചുവെന്നാണ് പതഞ്ജലി സി.ഇ.ഒയുടെ അവകാശവാദം. നൂറുകണക്കിന് കോവിഡ് -19 രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പഠനം 100% അനുകൂല ഫലങ്ങള്‍ നല്‍കിയെന്നും ബാലകൃഷ്ണ പറഞ്ഞു.
എന്നാല്‍ നിയന്ത്രിത ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ എവിടെയാണ് നടക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

