പാര്‍ശ്വഫലങ്ങളില്ല; കൊവിഡിനെ തടയാന്‍ പ്രതിരോധ മരുന്ന് കണ്ടുപിടിച്ചതായി ചൈന

ന്യൂഡല്‍ഹി: പാര്‍ശ്വഫലങ്ങളില്ലാത്ത കൊവിഡ് വാക്‌സില്‍ വികസിപ്പിച്ചതായി ചൈനയിലെ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോവാക് ബയോടെക് അവകാശപ്പെട്ടു. കൊറോണ വാക് എന്നു പേരിട്ടിട്ടുള്ള ഈ പ്രതിരോധ മരുന്നിന് കൊവിഡ് 19നെ തടയാനാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി അറിയിച്ചു. മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തില്‍ രോഗപ്രതിരോധശേഷിക്ക് ഉണര്‍വേകാനും കൊവിഡിനെ പ്രതിരോധിക്കാനും വാക്‌സിനു കഴിയുമെന്നാണ് തെളിഞ്ഞത്. ഇപ്പോള്‍ ഒന്നും രണ്ടും ഘട്ടം പരീക്ഷണങ്ങളാണു പൂര്‍ത്തിയായിരിക്കുന്നത്. കൂടുതല്‍ പരീക്ഷണങ്ങളിലൂടെ ഇക്കാര്യത്തില്‍ കൃത്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കമ്പനി ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കൊവിഡ് 19ന് കാരണമായ സാര്‍സ് കൊവ് 2 വൈറസിന്റെ നിര്‍ജീവമാക്കിയ കോശമാണ് സിനോവാക്കിന്റെ വാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. പരീക്ഷണത്തില്‍ പങ്കെടുത്ത വൊളന്റിയര്‍മാരില്‍ 90 ശതമാനത്തിനും കാര്യമായ പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായിട്ടില്ല. 18 മുതല്‍ 59 വരെ വയസുള്ള 743 പേരിലാണു വാക്‌സിന്‍ പരീക്ഷിച്ചത്. 14 ദിവസത്തെ ഇടവേളകളിലായിരുന്നു ഇത്. രണ്ടാഴ്ചകൊണ്ട് വൈറസിനെതിരായ ആന്റിബോഡി ഉല്‍പാദിപ്പിക്കാന്‍ വാക്‌സിനു കഴിഞ്ഞു. മറ്റൊരു സംഘത്തില്‍കൂടി വാക്‌സിന്‍ പരീക്ഷിച്ചിട്ടുണ്ട്. ഇതിന്റെ ഫലം 28 ദിവസത്തിനുശേഷം ലഭിക്കും. തുടര്‍ന്ന് അക്കാദമിക് പ്രസിദ്ധീകരണങ്ങളില്‍ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →