കമ്പം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ തങ്ങളുടെ ഏലത്തോട്ടങ്ങളിലേക്ക് പോകാന്‍ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമരം നടത്തി. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏലത്തോട്ടം സ്വന്തമായുള്ളവരാണ് സമരവുമായി രംഗത്തെത്തിയത്. രണ്ട് മാസത്തിലധികമായി ഏലത്തോട്ടങ്ങളിലേക്ക് പോകാനാകാത്തതിനാല്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സമയാസമയങ്ങളില്‍ കൃഷിക്ക് പരിചരണവും നടത്താനാവാത്ത സ്ഥിതിയാണ്. കാലവര്‍ഷം എത്തിയതോടെ വളമിടീല്‍, മരുന്നടി, തണല്‍മരങ്ങളുടെ കൊമ്പുമുറിക്കല്‍ മുതലായവ കൃത്യസമയത്ത് നടത്തണം. ഈ സാഹചര്യത്തിലാണ് ജില്ലയിലേക്ക് പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കര്‍ഷകര്‍ കഴിഞ്ഞയാഴ്ച തേനി കലക്ടര്‍ക്ക് കത്തുനല്‍കിയത്. നടപടിയില്ലാതെ വന്നതിനെത്തുടര്‍ന്നാണ് കമ്പം പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം മൗനസമരവുമായി വന്നത്. ഇവരെ പൊലീസ് തിരിച്ചയച്ചു.