ആളില്ല ചാര്‍ജും കുറച്ചു; സ്വകാര്യബസ്സുകള്‍ സര്‍വീസ് നിര്‍ത്തിത്തുടങ്ങി

തിരുവനന്തപുരം: യാത്രികരില്ല, ചാര്‍ജും കുറച്ചു; സ്വകാര്യബസ്സുകള്‍ സര്‍വീസ് നിര്‍ത്തിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയ പല പ്രൈവറ്റ് ബസുകളും ബുധനാഴ്ച സര്‍വീസ് നടത്തിയില്ല. വര്‍ധിപ്പിച്ച ചാര്‍ജ് പിന്‍വലിച്ച സാഹചര്യത്തില്‍ വന്‍ നഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞാണ് പിന്മാറ്റം. തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍പോലും സാധിക്കുന്നില്ലെന്നും ബസ് ഉടമകള്‍ പറയുന്നു.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു സീറ്റില്‍ ഒരാളെ മാത്രമേ ഇരിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ആ സമയത്ത് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി എല്ലാ സീറ്റിലും ആളുകളെ ഇരുത്താമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെയാണ് ബസ് ചാര്‍ജ് കുറച്ചത്. കേരളത്തിലെ ലോക്ഡൗണ്‍ നിയന്ത്രണ നിയമങ്ങളില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ നഗരത്തിലെത്തുന്നത് കുറച്ചിരിക്കുകയാണ്. ഏറ്റവും അത്യാവശ്യ കാര്യങ്ങള്‍ക്കുമാത്രമേ വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നുള്ളൂ. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്രചെയ്യുന്നവര്‍ തരെ കുറവ്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ എല്ലാവരും കൃത്യമായി എത്തുന്നില്ല. അതുകൊണ്ടുതന്നെ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരും കുറവ്. കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ ആയതിനാല്‍ ബസ്സുകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഇല്ല. സ്‌കൂള്‍കുട്ടികളാണ് ബസ്സുകളിലെ ചില്ലറക്ഷാമം പരിഹരിക്കുന്നത്. നിരക്കുവര്‍ധന വേണമെന്ന ആവശ്യം ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്‍ പഠിച്ചുവരുകയാണെന്നും സര്‍ക്കാര്‍ ഉചിതമായ തീരുമാനം പിന്നീട് എടുക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →