തൃശൂര്‍: സ്‌കൂള്‍ അധികാരികളുടെ മാനസികപീഡനം മൂലമാണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്ന് പരാതി. തൃശൂര്‍ തോളൂര്‍ സ്വദേശി അശ്വിന്‍ കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഈ മാസം ഒന്നിനാണ് അശ്വിന്‍ കൃഷ്ണ തൃശൂര്‍ തോളൂരിലെ വീട്ടില്‍വച്ച് ആത്മഹത്യ ചെയ്തത്. അനുവാദമില്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അശ്വിനടക്കം എട്ടുപേര്‍ക്കെതിരേ നടപടി എടുത്തിരുന്നു. മാര്‍ച്ചിലാണ് സംഭവം നടന്നത്. സ്‌കൂളില്‍നിന്ന് റ്റിസി വാങ്ങണമെന്ന് കഴിഞ്ഞ മാസത്തില്‍ അറിയിച്ചു. ഇതിന്റെ മനോവിഷമത്തിലായിരുന്നു അശ്വിന്‍. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.