ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടുംബത്തെ വീട്ടിലെത്തിക്കാന്‍ ബൈക്ക് മോഷ്ടിച്ചു; കാര്യം നടന്നശേഷം ക്ഷമാപണത്തോടെ ബുക്ക് ചെയ്ത് മടക്കി എത്തിച്ചു

കോയമ്പത്തൂര്‍: ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടുംബത്തെ വീട്ടിലെത്തിക്കാന്‍ ബൈക്ക് മോഷ്ടിച്ചു; കാര്യം നടന്നുകഴിഞ്ഞപ്പോള്‍ ക്ഷമാപണത്തോടെ പാര്‍സല്‍ സര്‍വീസില്‍ ബുക്ക് ചെയ്ത് മടക്കി എത്തിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ചായക്കട നടത്തുന്ന യുവാവിനാണ് ഇത്തരമൊരു അറ്റകൈ ചെയ്യേണ്ടിവന്നത്. മേയ് 18നാണ് പ്രശാന്ത് എന്ന യുവാവ് ബൈക്ക് മോഷ്ടിച്ചത്. ഭാര്യയേയും രണ്ട് കുട്ടികളേയും നാട്ടിലെത്തിക്കാന്‍ മറ്റൊരു മാര്‍ഗവും കാണാതെവന്നതോടെയാണ് ഇയാള്‍ ബൈക്ക് മോഷ്ടിക്കാന്‍ ഒരുമ്പെട്ടത്. തഞ്ചാവൂരിലെ മന്നാര്‍ഗുഡിയിലാണ് കുടുംബത്തെ എത്തിക്കേണ്ടിയിരുന്നത്.

സുരേഷ്‌കുമാര്‍ എന്നയാളിന്റെ ബൈക്കുമെടുത്തായിരുന്നു യാത്ര. ബൈക്ക് കള്ളന്‍ കൊണ്ടുപോയെന്നുകാട്ടി സുരേഷ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, പൊലീസുകാര്‍ക്കൊക്കെ ലോക്ക്ഡൗണ്‍ ഡ്യൂട്ടി ആയിരുന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ദിവസങ്ങള്‍ക്കുശേഷം തന്റെ ബൈക്ക് മറ്റൊരാള്‍ എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സുരേഷിനു കിട്ടി. ആളെ തിരിച്ചറിഞ്ഞതോടെ പ്രശാന്തിന്റെ വീട്ടിലേക്ക് സുരേഷ് കുമാര്‍ എത്തിയെങ്കിലും നാട്ടിലേക്ക് പോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

മന്നാര്‍ഗുഡിയിലെ പ്രശാന്തിന്റെ വിലാസമോ ഫോണ്‍ നമ്പരോ സംഘടിപ്പിക്കാന്‍ സുരേഷ് ഏറെ പരിശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ അപ്രതീക്ഷിതമായി മേയ് 29ന് പാര്‍സല്‍ സര്‍വീസ് ഓഫീസില്‍നിന്ന് സുരേഷിന് ഒരു ഫോണ്‍കോള്‍ വന്നു. ഒരു മുട്ടന്‍ പാര്‍സല്‍ വന്നിരിക്കുന്നു. പാര്‍സല്‍ സര്‍വീസ് ഓഫീസിലെത്തിയ സുരേഷിനെ കാത്തിരുന്നത് നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ ബൈക്ക്. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ വിലാസത്തിലേക്ക് പ്രശാന്ത് പാര്‍സല്‍ ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →