കുവൈത്ത് സിറ്റി: തൊഴിലാളികളുടെ പിരിച്ചുവിടല്‍ പ്രതിസന്ധിയാകുന്നതിനാല് കുവൈത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് ആത്മഹത്യചെയ്തു. മൂന്നാമത്തെയാള്‍ നേപ്പാള്‍ സ്വദേശിയാണ്. അഹ്മദി, വെസ്റ്റ് മിശ്രിഫ്, സാലിഹിയ എന്നിവിടങ്ങളിലായിരുന്നു സംഭവം. അഹ്മദിയിലെ ഒഴിഞ്ഞ മുറിയില്‍ ഒരാളുടെ മൃതദേഹം കിടക്കുന്നുവെന്ന വിവരംലഭിച്ച പൊലീസുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ ഇന്ത്യക്കാനാണെന്ന് കണ്ടെത്തി. സാലിഹിയ ഏരിയയില്‍ മറ്റൊരു പ്രവാസി ഇന്ത്യക്കാരന് ബഹുനില മന്ദിരത്തിന്റെ 29ാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ കെട്ടിടത്തില്‍ ജോലിചെയ്തിരുന്ന ടെക്നീഷ്യനാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വെസ്റ്റ് മിശ്രിഫില് കൊവിഡ് ചികിത്സയിലായിരുന്ന നേപ്പാള്‍ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്.
ഇതിനിടെ പൊതുമാപ്പ് ഉപയോഗപ്പെടുത്താത്ത 1.2 ലക്ഷം പ്രവാസികളെ കുവൈത്ത് കരിമ്പട്ടികയില്‍പെടുത്തി. ഇതില്‍ 30,000 പേര് ഇന്ത്യക്കാരാണ്. പിഴയടച്ചാലും താമസരേഖ ഇവര്‍ക്ക് ഇനി പുതുക്കാനാവില്ല. ഏപ്രില്‍ 30ന് അവസാനിച്ച പൊതുമാപ്പില്‍ 45,000 ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 290 മലയാളികളെ മെയ് 25ന് നാട്ടിലെത്തിച്ചു. അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.
15 രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യക്കുപുറമെ ബംഗ്ലാദേശ്- 25,000, ഈജിപ്ത്- 20,000, ശ്രീലങ്ക- 12,000, ഫിലിപ്പൈന്‍സ്- 10,000, സിറിയ- 9000, എത്യോപ്യ- 8000, പാകിസ്താന്- 4000, ഇന്തോനേഷ്യ- 4000 എന്നിങ്ങനെയാണ് മറ്റ് രാജ്യക്കാര്‍.

