കുമളി: പൊലീസുകാര്‍ക്ക് നേരെ തെറിയും ഭീഷണിയും മുഴക്കിയ നേതാക്കളെ സിപിഎം പരസ്യമായി ശാസിച്ചു. സിപിഎമ്മിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് മെംബര്‍ ആര്‍ തിലകന്‍, ജില്ലാ കമ്മിറ്റി അംഗം ജി വിജയാനന്ദ് എന്നിവരെ പരസ്യമായി ശാസിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചതെന്ന് ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ അറിയിച്ചു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ ചില കേസുകളുമായി ബന്ധപ്പെട്ട് ഇവര്‍ പോവുകയും പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ചയ്ക്കിടയില്‍ ഇവര്‍ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി.
ഇക്കാര്യത്തില്‍ പാര്‍ട്ടി കര്‍ശനമായി നിലപാടെടുക്കുകയും ഇത് സംബന്ധിച്ച് നേതാക്കളോട് വിശദീകരണം ചോദിക്കുകയും ചെയ്തു. വിശദീകരണം തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തിയതിനെ തുടര്‍ന്നാണ് പരസ്യശാസന നല്‍കുന്നതിന് തീരുമാനിച്ചതെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു. അതേസമയം സിപിഎം നേതാക്കള്‍ ഒളിവിലാണ്. ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് ഇവര്‍ ഒളിവില്‍പോയത്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുകയാണെന്നാണ് വിവരം.