ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ 145 ജില്ലകള്‍ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറുന്നതായി സര്‍ക്കാര്‍ വിലയിരുത്തല്‍, രോഗവ്യാപനം ഗ്രാമപ്രദേശങ്ങളിലാണ് അധികമെന്നും കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലെ 145 ജില്ലകള്‍ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറുന്നതായി സര്‍ക്കാര്‍ വിലയിരുത്തല്‍. രോഗവ്യാപനം ഗ്രാമപ്രദേശങ്ങളിലാണ് അധികമെന്നും കണക്കുകള്‍ പറയുന്നു. ശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ ഈ ജില്ലകളെല്ലാം കൊവിഡ് പ്രഭവകേന്ദ്രങ്ങളായി മാറുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞദിവസം ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിളിച്ചുചേര്‍ത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് രോഗവ്യാപനം സംബന്ധിച്ച ഈ വിലയിരുത്തല്‍ നടത്തിയത്. അടുത്ത ഹോട്ട് സ്‌പോട്ടുകള്‍ കിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായിരിക്കുമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവാണ് കിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ വന്‍തോതില്‍ രോഗവ്യാപനത്തിനിടയാക്കുന്നതായി പറയുന്നത്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വലിയ തോതില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കാര്യമായ ഒരു പരിശോധനയും നടക്കുന്നില്ല. ഇത് വരുംനാളുകളില്‍ വലിയ അപകടമുണ്ടാക്കും. ബിഹാര്‍, പശ്ചിമബംഗാള്‍, ഒഡീഷ ഉള്‍പ്പെടെ 12 കിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യഘട്ടത്തില്‍ കാര്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍, മേയ് 25 വരെയുള്ള അവസാന മൂന്നാഴ്ചകളില്‍ ഇവിടെ വന്‍തോതിലാണ് രോഗവ്യാപനം.

വെള്ളിയാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1.7 ലക്ഷം രോഗികളില്‍ ഭൂരിപക്ഷവും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നാണ്. രണ്ടാഴ്ചയ്ക്കിടെ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നു. മേയ് 13 വരെ 75,000 രോഗികളേയുണ്ടായിരുന്നുള്ളൂ.

Share
അഭിപ്രായം എഴുതാം