മുംബൈ: രാജ്യത്ത് ഏഴുലക്ഷത്തിലേറെ ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്ന് കണക്കുകള്‍; ഉടമകളുടെ കുടുംബങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. അടിസ്ഥാന ജനവിഭാഗത്തിന്റെ കൈയിലെ പണലഭ്യതക്കുറവും കുടിയേറ്റ തൊഴിലാളികളുടെ പലായനവുമെല്ലാം ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് കാരണമായി. ലോക്ഡൗണിന് ശേഷവും ഇവ തുറന്നുപ്രവര്‍ത്തിക്കില്ലെന്നാണ് സൂചനകള്‍.
നേരത്തേ മൊബൈല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് ലോക്ഡൗണില്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍, മൊബൈല്‍ ഫോണുകളും അനുബന്ധ സാമഗ്രികളും വില്‍ക്കുന്ന കടകളില്‍ 60 ശതമാനത്തോളം പിന്നീട് തുറന്നിട്ടില്ല. 1,50,000ഓളം കടകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തനം നിലച്ചത്. ചെറുകിട വ്യാപാരികള്‍ക്ക് വന്‍കിടക്കാര്‍ സാധനങ്ങള്‍ കടമായി നല്‍കാന്‍ മടിക്കുകയാണ്. ഏഴുദിവസം മുതല്‍ മൂന്ന് ആഴ്ചവരെ മുമ്പ് ഇങ്ങനെ കടമായി നല്‍കിയിരുന്നു. ലോക്ഡൗണ്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചെറുകിട വ്യാപാരികളുടെ തിരച്ചടവ് മുടങ്ങുമോയെന്ന ആധിയാണ് വന്‍കിടക്കാര്‍ക്ക്. അതാണ് പുതിയ സ്റ്റോക്ക് ഇറക്കിക്കൊടുക്കാന്‍ മടിക്കുന്നതിനു കാരണം.
ഫുട്പാത്ത് കച്ചവടക്കാര്‍ പാതിയോളം പേര്‍ വ്യാപാരം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. ഏപ്രില്‍, മെയ് മാസങ്ങളിലായി 5.5 ലക്ഷത്തോളം പേരാണ് കച്ചവടം അവസാനിപ്പിച്ചത്. വ്യാപാരികളും അവിടെ ജോലിചെയ്തിരുന്ന തൊഴിലാളികളും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. ഇനി അവര്‍ എന്നുവരുമെന്നോ വന്നാല്‍ത്തന്നെ വ്യാപാരം എങ്ങനെയായിരിക്കുമെന്നോ ഒരു നിശ്ചയവുമില്ല. സാധാരണക്കാരായ ആളുകള്‍ ഉപയോഗിക്കുന്ന പാദരക്ഷകള്‍, പഴ്‌സ്, ബല്‍റ്റ്, വിലകുറഞ്ഞ വസ്ത്രങ്ങള്‍ മുതലായവയൊല്ലാം ഫുട്പാത്തിലായിരുന്നു കച്ചവടം ഏറിയകൂറും നടന്നിരുന്നത്. വിറ്റുപോകുന്നില്ലാത്തതിനാല്‍ അവയുടെ നിര്‍മാണവും നടക്കുന്നില്ല. അവ നിര്‍മിച്ച് ഉപജീവനം നടത്തിയിരുന്നവരും പട്ടിണിയിലായി.
വഴിവക്കില്‍ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന തട്ടുകടകള്‍, കോഫിബാറുകള്‍, ലഘുഭക്ഷണ സ്റ്റാളുകള്‍ മുതലായവ പ്രവര്‍ത്തിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിലക്കുണ്ട്. അവയൊക്കെ ഇനി എന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്ന ആശങ്കയാണ് ഇതിന്റെ നടത്തിപ്പുകാര്‍ക്ക്. ഇവിടെയെല്ലാം ലക്ഷക്കണക്കിന് ആളുകള്‍ ജോലിചെയ്തുകൊണ്ടിരുന്നതാണ്.

