കട്ടക്ക്: കൊറോണ വൈറസില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ നരബലി നടത്തിയ പൂജാരി ഒഡീഷയില്‍ അറസ്റ്റിലായി. കട്ടക്കിലെ നരസിംഹപുര്‍ ബ്രാഹ്മിണി ദേവി ക്ഷേത്രത്തിലെ പൂജാരി സന്‍സാരി ഓജ(70)യാണ് അറസ്റ്റിലായത്. സരോജ് കുമാര്‍(55) എന്ന തൊഴിലാളിയെയാണ് ബലികൊടുത്തത്.
സ്വപ്നത്തില്‍ ദേവി ദര്‍ശനം നല്‍കിയെന്നും കോവിഡില്‍നിന്നു ലോകത്തെ രക്ഷിക്കാന്‍ നരബലി നടത്താന്‍ നിര്‍ദേശിച്ചെന്നുമാണ് ഓജ പറയുന്നത്. ദര്‍ശനത്തെ തുടര്‍ന്ന് വ്യാഴാഴ്ച ക്ഷേത്രത്തിലെത്തിയ പൂജാരി ബലിനല്‍കാന്‍ പറ്റിയ ആളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ജോലികഴിഞ്ഞ് ക്ഷേത്രത്തില്‍ തൊഴാനെത്തിയ സരോജിനെയാണ് പറ്റിയ ആളായി ഓജയ്ക്കു തോന്നിയത്. തൊഴുതു പ്രാര്‍ഥിച്ചുകൊണ്ടുനിന്ന സരോജിനെ ഓജ പിന്നില്‍നിന്ന് കൊടുവാള്‍ ഉപയോഗിച്ച് വെട്ടിവീഴ്ത്തി. സ്വയം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പൂജാരി കുറ്റം സമ്മതിച്ചു. എന്നാല്‍, പൂജാരിയും സരോജും തമ്മില്‍ പല വിഷയങ്ങളിലും തര്‍ക്കങ്ങളുണ്ടായിരുന്നെന്നും കൊറോണയും ദര്‍ശനവും മറയാക്കി സരോജിനെ ഇല്ലാതാക്കാന്‍ നടത്തിയ തന്ത്രമായിരുന്നുവെന്നും നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒഡീഷയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടാകുന്നത്. വ്യാഴാഴ്ച മാത്രം 67 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

