ബെവ്ക്യൂ ആപ്ലിക്കേഷന്‍ നിര്‍മാണത്തില്‍ അഴിമതി ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രതിപക്ഷനേതാവ് പരാതി നല്‍കി

തിരുവനന്തപുരം: ബെവ്ക്യൂ ആപ്ലിക്കേഷന്‍ നിര്‍മാണത്തില്‍ അഴിമതി ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രതിപക്ഷനേതാവ് പരാതി നല്‍കി. ആപ്പ് തയ്യാറാക്കുന്നതിന് രൂപീകരിച്ച പ്രത്യേക സമിതി മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവര്‍ത്തനപരിചയമില്ലാത്ത ഫെയര്‍ കോഡ് എന്ന കമ്പനിയെ തിരഞ്ഞെടുത്തുവെന്ന് പരാതിയില്‍ പറയുന്നു. ഫെയര്‍കോഡ് കമ്പനി എസ്എംഎസ് ചാര്‍ജിനായി 12 പൈസയാണ് ടെന്‍ഡറില്‍ ആവശ്യപ്പെട്ടിരുന്നത്. ടെന്‍ഡറില്‍ പങ്കെടുത്ത മറ്റൊരു കമ്പനി എസ്എംഎസ് ചാര്‍ജ് വേണ്ടെന്നും അറിയിച്ചിരുന്നു. കൂടാതെ ഡെവലപ്മെന്റ് ചാര്‍ജ് വേണ്ടെന്ന് വേറെ രണ്ട് കമ്പനികളും അറിയിച്ചിരുന്നു. ഇവയെ തഴഞ്ഞാണ് ഫെയര്‍കോഡിന് ടെന്‍ഡര്‍ നല്‍കിയത്.

എസ്എംഎസ് ചാര്‍ജായി ഫെയര്‍കോഡ് കമ്പനി ടെന്‍ഡറില്‍ ക്വോട്ട് ചെയ്തിരുന്നത് 12 പൈസയായിരുന്നെങ്കിലും ഈ തുക വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയ ഘട്ടത്തില്‍ 15 പൈസയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചുനല്‍കി. 20 വര്‍ഷമായി സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മദ്യവിതരണ രീതിയെ അട്ടിമറിച്ച് സ്വകാര്യ ബാര്‍ ഹോട്ടലുകള്‍ക്കുകൂടി ചില്ലറ മദ്യവില്‍പന നടത്താനുള്ള അവസരം ഇതിലൂടെ സര്‍ക്കാര്‍ ഒരുക്കി. ഇതിന്റെ ഭാഗമായി ബാറുകള്‍ക്ക് ഹോട്ടല്‍ പരിസരത്ത് പ്രത്യേക കൗണ്ടര്‍ സജ്ജമാക്കി മദ്യം കുപ്പിക്കണക്കിന് വില്‍പന നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →