കോവിഡ് 19: മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ (മെയ് 24) കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 17ന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ പരപ്പനങ്ങാടി അയ്യപ്പന്‍ കാവ് സ്വദേശിനി 70 കാരി, ഇവരുടെ പേരമകള്‍ അഞ്ചു വയസുകാരി, മുംബൈയില്‍ നിന്ന് മെയ് 16ന് വീട്ടിലെത്തിയ തെന്നല കുറ്റിപ്പാല സ്വദേശി 37കാരന്‍, മുംബൈയില്‍ നിന്ന് മെയ് 14ന് വീട്ടിലെത്തിയ തൃപ്രങ്ങോട് പൊയിലിശ്ശേരി സ്വദേശി 68കാരന്‍ മെയ് 20ന് ദുബായില്‍ നിന്ന് കൊച്ചി വഴിയെത്തിയ തിരുനാവായ വൈരങ്കോട് സ്വദേശി 60കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവര്‍ അഞ്ചുപേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എസൊലേഷനിലാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72 ആയി. 50 പേര്‍ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ ഒരാള്‍ ആലപ്പുഴ സ്വദേശിനിയും മറ്റൊരാള്‍ പാലക്കാട് സ്വദേശിയുമാണ്. മലപ്പുറം സ്വദേശികളായി 48 പേരാണ് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82808

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →