തിരുവനന്തപുരം: കൊല്ലം ഏറത്ത് ഉത്തരയെ കരിമൂര്‍ഖനെക്കൊണ്ട് കൊത്തിച്ച സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് അന്വേഷണോദ്യോഗസ്ഥര്‍. ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിന്റെ പങ്ക് പോലീസ് തെളിയിച്ചത്. ഫെബ്രുവരി 26ന് അണലിയെ 10,000 രൂപക്കും ഏപ്രില്‍ 24ന് മൂര്‍ഖനെ 5000 രൂപക്കുമാണ് സുരജ് രണ്ടാംപ്രതി സുരേഷില്‍നിന്നു വാങ്ങിയത്. മൂര്‍ഖനെ 12 ദിവസം പ്ലാസ്റ്റിക്ക് ജാറില്‍ സൂക്ഷിച്ചുവച്ചു. പ്രതിയെ ഉത്തരയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. പാമ്പിനെ സൂക്ഷിച്ച ജാര്‍ ഉത്തരയുടെ പഴയ വീടിന്റെ പിറകില്‍നിന്ന് പ്രതിയുടെ സാന്നിധ്യത്തില്‍ കണ്ടെടുത്തു.
മേയ് ആറിന് രാത്രി ഇയാള്‍ ഈ പാമ്പിനെ ഉത്തരയുടെനേരെ വലിച്ചെറിഞ്ഞു. പാമ്പ് രണ്ടുതവണ ഉത്തരയെ കൊത്തുന്നത് നോക്കിനിന്നുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം. പാമ്പിനെ സൂക്ഷിച്ച ജാറിലെ മുഖ്യപ്രതി സൂരജിന്റേയും രണ്ടാംപ്രതി സുരേഷിന്റേയും വിരലടയാളങ്ങള്‍ ഫോറന്‍സിക് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ഇതേ ജാറിലുള്ള പാമ്പിന്റെ ജൈവാവശിഷ്ടങ്ങളും ഉത്തരയുടെ കിടപ്പുമുറിയില്‍ കണ്ടെത്തി അടിച്ചുകൊന്ന പാമ്പിന്റെ അവശിഷ്ടവും ഒന്നാണോയെന്ന് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തും. ഉത്തരയുടെ ശരീരത്തില്‍ വ്യാപിച്ചിട്ടുള്ള വിഷവും വീട്ടില്‍ കണ്ടെത്തിയ പാമ്പിന്റെ വിഷവും സാമ്യമുണ്ടോയെന്നും ശാസ്ത്രീയമായി പരിശോധിക്കും.
ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള അതിക്രൂരമായ ഒരു കൊലപാതകത്തില്‍ കൊല്ലാന്‍ ഉപയോഗിച്ച ആയുധം ജീവനുള്ള ഒരു മൂര്‍ഖന്‍പാമ്പ് ആണെന്നതാണ് ഏവരെയും അദ്ഭുതപ്പെടുത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമെന്ന നിലയില്‍ പാമ്പിനെത്തന്നെ പൊലീസ് കോടതിയില്‍ ഹാജരാക്കും. കൊലപാതകം, ഗൂഢാലോചന, വന്യജീവിയെ സൂക്ഷിച്ചത്, വന്യജീവിയെ കൊന്നത് തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.