ന്യൂഡല്‍ഹി: ഇന്ത്യ ഇസ്‌ലാമിനെതിരാണെന്ന് പാകിസ്താന്റെയും അറബ് രാജ്യങ്ങളുടെയും നിലപാടിനെ എതിര്‍ത്ത് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഒഐസിയോട് മാലിദ്വീപ്. ഇന്ത്യക്കെതിരായ ഈ ആരോപണം വസ്തുതാവിരുദ്ധമെന്നു മാത്രമല്ല ദക്ഷിണേഷ്യയിലെ മതസൗഹാര്‍ദത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ന്യൂയോര്‍ക്കിലെ മാലിദ്വീപിന്റെ സ്ഥിരം പ്രതിനിധി തില്‍മീസ ഹുസയ്ന്‍ വ്യക്തമാക്കി.
യഥാര്‍ഥ പ്രശ്‌നങ്ങളെ മറച്ചുവയ്ക്കാന്‍ ഏതെങ്കിലുമൊരു രാജ്യത്തെ ഒറ്റപ്പെടുത്തുന്നതിനോട് തങ്ങള്‍ക്ക് യോജിപ്പില്ല. 20 കോടി മുസ്ലീങ്ങള്‍ വസിക്കുന്ന ഒരു രാജ്യത്തിനെതിരേ ഇസ്ലാമോഫോബിയ എന്ന ആരോപണം ഉന്നയിക്കുന്നതു ശരിയല്ല. ഇന്ത്യയില്‍ ഇസ്ലാമിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ഇന്ത്യയിലെ ജനസംഖ്യയില്‍ രണ്ടാംസ്ഥാനം ഇസ്ലാമിനാണ്. 14.2 ശതമാനമാണ് മുസ്ലിം ജനസംഖ്യ. ഇന്ത്യക്കെതിരേ മുസ്ലിം രാഷ്ട്രങ്ങളെ അണിനിരത്താന്‍ പാകിസ്താന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് മാലിദ്വീപിന്റെ നിലപാട്.