തിരുവനന്തപുരം: പെരുന്നാളിന്റെ ഭാഗമായുള്ള ഷോപ്പിങിനായി വിശ്വാസികള്‍ കൂട്ടത്തോടെ അങ്ങാടിയിലിറങ്ങരുതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍. ആര്‍ഭാടങ്ങള്‍ യഥാര്‍ഥ വിശ്വാസിക്കു ചേര്‍ന്നതല്ല. കൊറോണ വൈറസ് ലോകത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ചെറിയ ജാഗ്രതക്കുറവ് പോലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോമ്പുസമയത്ത് വീട്ടില്‍തന്നെയിരുന്ന് ജാഗ്രത പുലര്‍ത്തിയതുപോലെ പെരുന്നാള്‍ ദിവസവും ചെയ്യണം.
പെരുന്നാള്‍ നമസ്‌കാരം നടത്താനാവാതെ പള്ളികള്‍പോലും അടഞ്ഞുകിടക്കുന്ന പ്രത്യേക സാഹചര്യം വിശ്വാസികള്‍ മനസിലാക്കണം. ഈ സമയത്ത് ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ വിശ്വാസികള്‍ പുറത്തിറങ്ങരുത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ ഒരിക്കലും നാം ദുരുപയോഗം ചെയ്യരുത്. മാസ്‌കും ശുചിത്വവും സാമൂഹിക അകലം പാലിക്കലും ഇനിയങ്ങോട്ട് ജീവിതശൈലിയുടെ ഭാഗമാക്കണം.
കൊവിഡ് എന്ന മഹാമാരിയെ നാട്ടില്‍നിന്ന് പൂര്‍ണമായും ഉച്ചാടനം ചെയ്യുന്നതുവരെ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. കൊവിഡ് പൂര്‍ണമായും നിര്‍മാര്‍ജനംചെയ്ത ഒരു രാജ്യവുമില്ല. പല രാജ്യങ്ങളിലും ഈ രോഗം കൂടുതല്‍ വ്യാപകമാവുകയാണ്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും അങ്ങനെതന്നെ. ചെറിയ ഇളവുകള്‍ ലഭിക്കുമ്പോള്‍ പലരും പുറത്തിറങ്ങുന്നത് അത്യാവശ്യ കാര്യങ്ങള്‍ക്കല്ല. ഇത് നമ്മുടെ സമൂഹത്തില്‍ രോഗവ്യാപനത്തിന് കാരണമായെന്നുവരും.
ആഘോഷവേളയില്‍ പട്ടിണിയിലും മറ്റ് പ്രയാസങ്ങളിലും കഴിയുന്നവര്‍ക്ക് അന്നവും മരുന്നും മറ്റ് അവശ്യസഹായങ്ങളും എത്തിക്കുന്നതിലാവണം നമ്മുടെ ശ്രദ്ധ. ഈ മാരകരോഗത്തെ പ്രതിരോധിക്കുന്നതില്‍ ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്. പെരുന്നാള്‍ ദിനത്തില്‍ വീട്ടിനകത്ത് പ്രാര്‍ഥനകള്‍ക്കായി കൂടുതല്‍ സമയം വിനിയോഗിക്കണെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു.