പേരാവൂര്‍: കൊട്ടിയൂര്‍ പഞ്ചായത്തിലെ പാല്‍ച്ചുരം മേഖലയില്‍ കാട്ടാനകള്‍ ഭീതി വിതയ്ക്കുന്നു. കഴിഞ്ഞ ഒരു മാസമായി തുടരുന്ന കാട്ടാനശല്യത്തിന് യാതൊരു പരിഹാരവും കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍ കൈമലര്‍ത്തുകയാണ്. ബാങ്കില്‍നിന്നും വട്ടിപ്പലിശയ്ക്കും കടംവാങ്ങി നട്ടുനനച്ചു വളര്‍ത്തുന്ന കാര്‍ഷികവിളകള്‍ കാട്ടാനകള്‍ നശിപ്പിക്കുന്നത് നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് പാല്‍ച്ചുരത്തെ കര്‍ഷകര്‍. പാല്‍ച്ചുരം ബോയ്സ് ടൗണിലേക്ക് പോകുന്ന റോഡരികിലാണ് ബുധനാഴ്ച പുലര്‍ച്ചെ കാട്ടാനയിറങ്ങി കുലവെട്ടറായ നേന്ത്രവാഴകള്‍ നശിപ്പിച്ചത്. പാല്‍ച്ചുരം പറമറ്റത്തില്‍ ജോണി, തങ്കച്ചന്‍ എന്നിവരുടെ വാഴകളാണ് കാട്ടാന നശിപ്പിച്ചത്. സംഭവസ്ഥലം വനംവകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു.
കാട്ടാനകള്‍ക്ക് പുറമെ കുരങ്ങ്, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയവയുടെ ശല്യവും രൂക്ഷമാണ്. വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നതുമൂലം വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായ കര്‍ഷകര്‍ക്ക് അവര്‍ നട്ടുനനച്ച വിളയെങ്കിലും ലഭിച്ചില്ലെങ്കില്‍ എങ്ങനെ മുന്നോട്ട് ജീവിക്കുമെന്ന ആശങ്കയിലാണ് അവര്‍. തുടരുന്ന കാട്ടാനശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് പാല്‍ച്ചുരം നിവാസികള്‍.