ബംഗളൂരു: ട്രെയിനില്‍ വന്നിറങ്ങിയപ്പോള്‍ നേരെ വീട്ടില്‍ പോകണം; സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പോകാന്‍ വിസമ്മതിച്ചവരെ അടുത്ത വണ്ടിക്കുതന്നെ തിരിച്ചയച്ചു. ഡല്‍ഹിയില്‍നിന്ന് ബംഗളൂരുവിലെത്തിയ ആദ്യ ട്രെയിനിലെ യാത്രികരില്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പോകാന്‍ തയ്യാറാവാത്ത 19 പേരെയാണ് തിരിച്ചയച്ചത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് എത്തിയവരാണ് മടങ്ങിയത്. വ്യാഴാഴ്ച രാത്രി എട്ടിന് ഡല്‍ഹിക്കു പുറപ്പെട്ട രാജധാനി പ്രതിദിന ട്രെയിനില്‍ പ്രത്യേക കോച്ച് ഏര്‍പ്പെടുത്തിയാണ് ഇവരെ മടക്കിയയച്ചത്.
ഡല്‍ഹിയില്‍നിന്നുള്ള ട്രെയിന്‍ രാവിലെ 7.30ന് ആയിരത്തോളം യാത്രികരുമായി സിറ്റി റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ 140 പേര്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പോകാന്‍ വിസമ്മതിച്ചു. വീട്ടില്‍പോകാനോ അല്ലെങ്കില്‍ ഡല്‍ഹിക്കു തിരിച്ചുപോകാനോ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അവസാന നിമിഷം 19 പേര്‍ ഒഴികെ ബാക്കിയുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രാത്രി പുറപ്പെടുന്ന രാജധാനിയില്‍ പ്രത്യേക കോച്ച് ഏര്‍പ്പെടുത്തിയത്.