ബാംഗ്ലൂര്‍: രാത്രി വീടിനുള്ളില്‍ കടന്നു കയറിയ പുള്ളിപ്പുലി ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസ്സുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പകുതി തിന്നു. ബാംഗ്ലൂരിനടുത്ത് രാമനഗരത്തിലെ മഗഡി താലൂക്കില്‍ ഉള്ള കടരായണപാലയ ഗ്രാമത്തിലാണ് സംഭവം.
രാത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. കഠിനമായ ചൂട് ആയിരുന്നതിനാല്‍ വാതില്‍ തുറന്നിട്ടാണ് വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നത്. രാത്രിയില്‍ വീട്ടിനുള്ളില്‍ കടന്ന് പുള്ളിപ്പുലി മൂന്ന് വയസുകാരനായ ഹേമന്തിനെ എടുത്തു കൊണ്ടു പോവുകയായിരുന്നു. ബഹളമൊന്നും ഉണ്ടായില്ല. അര്‍ദ്ധരാത്രി ഉറക്കമുണര്‍ന്ന മാതാവ് കുട്ടിയെ കാണാതായത് തിരിച്ചറിഞ്ഞു. രാത്രിയില്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്നും 100 മീറ്റര്‍ മാറി കുട്ടിയുടെ ശരീരം കണ്ടെത്തി. പുലി പകുതി ശരീരം അതിനോടകം തിന്നു തീര്‍ത്തിരുന്നു.
ഈ പ്രദേശത്ത് ജനങ്ങള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവാണ്. എന്നാല്‍ വീട്ടിനുള്ളില്‍ കടന്ന് പിഞ്ചു കുട്ടിയെ പുലി കൊന്നു തിന്നത് ഗ്രാമവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട ഹേമന്ത് അന്നാണ് അമ്മയോടൊപ്പം ഗ്രാമത്തില്‍ പിതാവിന്റെ വീട്ടില്‍ എത്തിയത്.