തൃശൂര്‍: ലോക്ക്ഡൗണ്‍ മൂലം തൃശ്ശൂരില്‍ കുടുങ്ങിയ 23 രാജസ്ഥാന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് തിരിച്ചയച്ചു. തൃശൂര്‍ ജില്ലാ ഭരണകൂടവും രാജസ്ഥാന്‍ ഗവണ്‍മെന്റും നടത്തിയ സംയുക്ത ഇടപെടലിലൂടെയാണ് ഇവരുടെ യാത്ര സഫലമായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ 23 പേരാണ് ലോക്ക്ഡൗണില്‍ തിരികെ പോകാനാകാതെ വിഷമത്തില്‍ ആയത്. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജസ്ഥാനിലെ തോം ജില്ലയില്‍ നിന്നും തൃശ്ശൂരിലെ മായന്നൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ എത്തിയ15 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന 23 അംഗ സംഘമാണിവര്‍. മാതാപിതാക്കളെ കാണാനാവാതെ ദിവസങ്ങളായി ക്യാമ്പുകളില്‍ കഴിയുകയായിരുന്ന ഇവരെ ഒടുവില്‍ ജില്ലാ ഭരണകൂടവും രാജസ്ഥാന്‍ ഗവണ്‍മെന്റും നടത്തിയ സംയുക്ത നടപടികളുടെ ഭാഗമായി രാജസ്ഥാന്‍ സര്‍ക്കാര്‍ അയച്ച പ്രത്യേക ബസ്സില്‍ കുട്ടികള്‍ നാട്ടിലേക്ക് യാത്രയായി.

മായന്നൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ മന്ത്രി എ സി മൊയ്തീന്‍ കുട്ടികള്‍ക്ക് യാത്രയയപ്പ് നല്‍കി. രാജസ്ഥാന്‍ ഗവണ്മെന്റ് കേരളത്തോട് ആവശ്യപ്പെട്ടതിന്റെ ഭാഗമായി ഈ കുട്ടികളുടെ സംരക്ഷണത്തിനായി കാര്യക്ഷമമായ ഇടപെടലുകളാണ് ജില്ലാ ഭരണകൂടവും സംസ്ഥാന ഗവണ്‍മെമെന്റും നടത്തിയതെന്ന് മന്ത്രി പറഞ്ഞു.
ഓരോ വിദ്യാര്‍ഥിക്കും ആവശ്യമായ കരുതല്‍ നല്‍കി സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാന്‍ വഴിതുറന്നു തന്ന കേരള ഗവണ്‍മെന്റിനും ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയാനും കുട്ടികള്‍ മറന്നില്ല. മന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ബസ് ഫ്‌ലാഗ് ഓഫ് ചെയ്തു. വിവിധ നവോദയ വിദ്യാലയങ്ങള്‍ ആണ് ഇവരുടെ യാത്രയിലെ വിശ്രമ കേന്ദ്രങ്ങള്‍. രാജസ്ഥാന്‍ പോലീസ്, വൈദ്യസംഘം, അധ്യാപകര്‍ എന്നിവരും യാത്രാസംഘത്തില്‍ ഉണ്ട്. ബന്ധപ്പെട്ട രേഖ :http:// https://pib.gov.in/PressReleasePage.aspx?PRID=1620904

