അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്ന മലയാളികള്‍ അറിഞ്ഞിരിക്കേണ്ട നടപടി ക്രമങ്ങളും വിവരങ്ങളും

തിരുവനന്തപുരം: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഇതരസംസ്ഥാനങ്ങളില്‍ അകപ്പെട്ട മലയാളികള്‍ക്ക് കേരളത്തിലേക്ക് തിരിച്ചുവരുന്നതിനുള്ള പാസുകള്‍ക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം. പാസുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. നോര്‍ക്ക വെബസൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പാസ് ലഭിക്കാന്‍ അപേക്ഷ നല്‍കാനാവുക.

പാസുകള്‍ ലഭിക്കാന്‍ http://covid19jagratha.kerala.nic.in പോര്‍ട്ടലിലൂടെ അപേക്ഷിക്കണം. ഇന്നുവൈകീട്ട് അഞ്ചുമണിമുതല്‍ ഈ പോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി നോര്‍ക്ക രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിക്കണം. ഗര്‍ഭിണികള്‍, കേരളത്തില്‍ പ്രത്യേക ചികിത്സ ആവശ്യമുള്ളവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍, ലോക് ഡൗണ്‍ കാരണം വീടുമായി അകന്നുകഴിയേണ്ടിവന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.

ഇന്‍ര്‍വ്യൂ, കായികമത്സരവും പരിശീലനവും, തീര്‍ഥാടനം, വിനോദയാത്ര, മറ്റ് സാമൂഹിക കൂട്ടായ്മകള്‍ എന്നിവയ്ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന ലഭിക്കും.

കേരളത്തിലേക്കും കേരളത്തില്‍നിന്നുള്ള അന്തര്‍സംസ്ഥാന യാത്രകള്‍ സംബന്ധിച്ച വിഷയങ്ങള്‍ ഏകോപിപ്പിക്കാനും മേല്‍നോട്ടം വഹിക്കാനും നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം