കോഴിക്കോട്: വട്ടപ്പറമ്പ് വടക്കോടിത്തറ കോളനിയിലെ കുഞ്ഞക്കിയമ്മക്ക് വയസ്സ് 86. എന്നാലോ, വിശ്രമിക്കാന്‍ ഇനിയും സമയമായിട്ടില്ലെന്നാണ് ലോക തൊഴിലാളിദിനത്തില്‍ ഈ അമ്മക്ക് പുതുതലമുറക്കു നല്‍കാനുള്ള സന്ദേശം. പൈതൃകമായി തനിക്കുകിട്ടിയ കൈത്തൊഴിലായ കൈതോലപായ നെയ്ത്തില്‍ ഇപ്പോഴും സജീവമാണ് കുഞ്ഞക്കിയമ്മ. ഏഴ് പതിറ്റാണ്ടായി ഈ കോളനിയില്‍ താമസം തുടങ്ങിയിട്ട്. മുത്തശ്ശി പറാണിച്ചിയമ്മയില്‍നിന്നാണ് പായനെയ്യാന്‍ പഠിച്ചത്. ഇന്നത്തെപ്പോലെ കട്ടിലും കിടക്കയുമൊന്നും വ്യാപകമല്ലാത്ത കാലത്ത് കൈതോലപ്പായക്ക് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. അതില്‍ കിടന്നാല്‍ അധികം ചൂടോ തണുപ്പോ ഏശുകയില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്.
പുല്‍പ്പായയും പ്ലാസ്റ്റിക് പായയുമൊക്കെ പ്രചാരത്തില്‍ വന്നതോടെ കൈതോലപ്പായ ആര്‍ക്കും വേണ്ടാതായി. എന്നാല്‍, കുഞ്ഞക്കിയമ്മ വെറുതേയിരുന്നിട്ടില്ല. കൃഷി, കെട്ടിടനിര്‍മാണം തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടു. ഏതുപണിക്ക് പോയാലും ഇടയ്ക്ക് വീണുകിട്ടുന്ന ഇടവേളകളില്‍ പായനെയ്യല്‍ ഹോബിയാക്കി. റെയില്‍പാതയുടെ പരിസരങ്ങളിലും തോട്ടിന്‍വരമ്പിലുമൊക്കെ കാണുന്ന കൈതച്ചെടികളില്‍നിന്ന് ഓല വെട്ടിയെടുത്ത് പാകത്തിന് ഉണക്കി ചുരുളുകളാക്കി വയ്ക്കുന്നതെല്ലാം അമ്മതന്നെയാണ്. പേരക്കുട്ടികള്‍ ചിലപ്പോള്‍ സഹായിക്കും.
ഈ കരവിരുത് ഇപ്പോഴും കൈമോശം വരാതെ സൂക്ഷിക്കുകയാണ് കുഞ്ഞക്കിയമ്മ. പേരക്കുട്ടികള്‍ക്കും സമപ്രായക്കാര്‍ക്കും നെയ്ത്ത് പഠിപ്പിച്ചുകൊടുക്കാന്‍ ഇവര്‍ക്ക് നല്ല ഉത്സാഹം. കാഴ്ചക്കുറവ് ഇല്ലെങ്കിലും ചില്ലറ ആരോഗ്യപ്രശ്നങ്ങള്‍ അമ്മയെ ചെറുതായി അലട്ടുന്നുണ്ട്. ഇതുമൂലം ഒരു പായയുടെ പണി തുടങ്ങിയാല്‍ പൂര്‍ത്തിയാക്കാന്‍ ദിവസങ്ങളെടുക്കാറുണ്ട്. വാര്‍ഡ് മെംബര്‍ അഡ്വ. ഷാഹിദ് കടലുണ്ടി ഒരിക്കല്‍ ഇവരുടെ പായ നെയ്ത്തിനെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ പായവാങ്ങാന്‍ ഒട്ടേറെപ്പേര്‍ എത്തുകയുണ്ടായി. 500 രൂപവരെ നല്‍കിയാണ് പലരും പായവാങ്ങി പോയത്. കണ്ണടയ്ക്കുംവരെ എന്തെങ്കിലും ജോലിചെയ്തു കഴിയാനാണ് നാലുമക്കളുള്ള അമ്മയുടെ ആഗ്രഹം. കോമ്പാളി രാമനാണ് ഭര്‍ത്താവ്.

