തൃശ്ശൂര്‍: കൊറോണക്കെതിരെ കേരളമെന്ന കൊച്ചു സംസ്ഥാനം നടത്തുന്ന യുദ്ധത്തിന്റെ അനുഭവപാഠങ്ങള്‍ ഡോക്ടര്‍ സോണിയ പകര്‍ന്നു നല്‍കുമ്പോള്‍ വൈറസ് മരണ താണ്ഡവമാടുന്ന ഇറ്റലിയില്‍ കാതോര്‍ക്കുന്ന പതിനായിരക്കണക്കിന് ജനങ്ങള്‍ ഉണ്ട്. മുന്നൂറിലധികം ഡോക്ടര്‍മാര്‍ സോണിയയുടെ കുറിപ്പുകളും വീഡിയോകളും പഠിക്കുന്നു.
അമ്മയുടെ നാടിന്റെ അഭിമാനാര്‍ഹമായ യുദ്ധകഥകള്‍ ലോകത്തിനു പരിചയപ്പെടുത്തുക മാത്രമല്ല ഇറ്റലിയിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ അവ പ്രയോജനപ്പെടുത്തുവാന്‍ ജനങ്ങളെയും അവിടുത്തെ ആരോഗ്യ സംവിധാനത്തെയും പ്രേരിപ്പിക്കുക കൂടിയാണ് മലയാളിയായ ഡോക്ടര്‍ സോണിയയുടെ ലക്ഷ്യം.
ശരിയായ അര്‍ത്ഥത്തില്‍ ലോകം ഒരു മഹായുദ്ധത്തില്‍ ആണ്. ആയുധമെടുത്ത് പരസ്പരം പോരാടി നാശങ്ങള്‍ വിതയ്ക്കുക മാത്രമല്ല മഹായുദ്ധം എന്ന് കൊറോണ പഠിപ്പിച്ചിരിക്കുന്നു. ഒന്നേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകള്‍ ലോകത്ത് പൊലിഞ്ഞു കഴിഞ്ഞു. ലക്ഷങ്ങള്‍ മരണം കാത്തു കിടക്കുന്നു. പലരുടെയും കുറിക്കപ്പെട്ടു കഴിഞ്ഞതാണ്. സംസ്‌കരിക്കാന്‍ പോലും ആവാതെ കുന്നുകൂടിയ മൃതശരീരങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും മോര്‍ച്ചറികളിലും വാടകയ്‌ക്കെടുത്ത സങ്കേതങ്ങളിലുമായി കെട്ടിക്കിടക്കുന്നു. പുറത്തിറങ്ങാനാവാതെ വീടുകളില്‍ ആളുകള്‍ ഒളിച്ചിരിക്കുന്നു. അതില്‍ രോഗബാധിതരുണ്ട്. രോഗത്തെ ഭയന്ന് കഴിയുന്നവരുണ്ട്. എല്ലാവിധ പ്രവര്‍ത്തികളും ലോകത്ത് നിശ്ചലമായി ഇരിക്കുന്നു. വിജനമായ തെരുവുകള്‍ ചലനം നിലച്ച ഫ്‌ളാറ്റുകളും പാടങ്ങളും. ഇത് ഒരു മഹായുദ്ധം തന്നെയാണ്.
യുദ്ധ ചരിത്രങ്ങളില്‍ സ്ഥാനമില്ലാത്ത നാടാണ് കേരളം. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുന്നണിപ്പോരാളികളായി നിന്നു നടത്തുന്ന യുദ്ധത്തില്‍ ഇതില്‍ കേരളത്തിന്റെ യുദ്ധാനുഭവങ്ങള്‍ക്ക് ലോകം ഇന്ന് കാതോര്‍ക്കുകയാണ്. കേരളത്തിന്റെ പാഠങ്ങള്‍ വിലപ്പെട്ടതാണെന്ന് യൂറോപ്പും അമേരിക്കയും വിലയിരുത്തുന്നു. കൊറോണ ഏറ്റവും കൂടുതല്‍ താണ്ഡവമാടിയ ഇറ്റലിയിലെ ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവ പകര്‍ന്നു നല്‍കുവാനായത് ഡോക്ടര്‍ സോണിയയുടെ ജീവിതത്തിലെ ഒരു നിയോഗം.
ഇറ്റലിയില്‍ നഴ്‌സായിരുന്ന കോരൂത്തോട് മുത്തോലില്‍ എത്സമ്മ ജോര്‍ജിന്റെയും, ഇറ്റലിക്കാരനായ ജാന്‍ പിയറോയുടെയും മകള്‍ ഡോ.സോണിയ ലു ചിഞ്ഞോളിയാണ് കേരളത്തിന്റെ പാഠങ്ങള്‍ ഇറ്റലിക്കും യൂറോപ്പിനും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്നത്. ഇറ്റലിയിലെ മുന്നൂറോളം ഡോക്ടര്‍മാര്‍ക്ക് ഈ പഠന കുറിപ്പുകള്‍ ദിവസവും എത്തിക്കുന്നു. ഇവര്‍ ഡോ.സോണിയയുടെ പഠന കുറിപ്പുകള്‍ നിരീക്ഷിക്കുന്നു. പതിനായിരക്കണക്കിനാളുകള്‍ ഓണ്‍ലൈന്‍ പോസ്റ്റുകളും വീഡിയോയും കാണുകയും സംവദിക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തിന്റെ ആരോഗ്യരംഗത്തുള്ള പ്രധാനപ്പെട്ടവരുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും അനവധി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തുകൊണ്ട് ശേഖരിക്കുന്ന ആധികാരിക വിവരങ്ങളാണ് ഇറ്റലിയിലെ ആളുകള്‍ക്കായി പങ്കു വയ്ക്കുന്നത്.

ഇറ്റലിയില്‍ നിന്നും മെഡിസില്‍ ബിരുദാനന്തര ബിരുദം നേടിയ സോണിയ (30) അവിടെ ജയില്‍ ഡോക്ടറായി ഏപ്രില്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. യോഗ പഠനത്തിനാണ് ജനുവരിയില്‍ അമ്മയുടെ ബന്ധുവീടായ പൂവരണിയില്‍ എത്തിയത്. ഇതിനിടെ കോവിഡ് വ്യാപനവും ലോക് ഡൗണും ആയി. തിരികെ മടങ്ങുവാനായില്ല. അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും ഇറ്റലിയില്‍ സ്ഥിരതാമസമാണ്.
ഇറ്റലിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതാണന്ന് ഡോ.സോണിയ പറയുന്നു. നിപ്പ പോലെയുള്ള പകര്‍ച്ചവ്യാധികളെ തടഞ്ഞ മുന്‍പരിചയം കേരളത്തിന് ഗുണം ചെയ്തു. രോഗത്തിന്റെ ഗൗരവം മനസിലാക്കിയ സര്‍ക്കാര്‍ പ്രവര്‍ത്തനം രോഗവ്യാപനം തടഞ്ഞു. രോഗത്തെ മതിയായ ഗൗരവത്തോടെ ഇറ്റലി കാണാതിരുന്നത് തിരിച്ചടിയായി- സോണിയ പറഞ്ഞു.
കൊറോണ രോഗം സ്ഥിരീകരിച്ചു നൂറു ദിനങ്ങള്‍ പിന്നിടുമ്പോള്‍ പതിനായിരങ്ങള്‍ മരിക്കുകയും, ലക്ഷങ്ങള്‍ രോഗികളാവുകയും ചെയ്ത ഇറ്റലിക്കും യൂറോപ്പിനും ഡോ.സോണിയയുടെ പഠന കുറിപ്പുകളും വീഡിയോകളും പ്രയോജനമായിരിക്കുകയാണ്. കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും പാഠമാക്കി ജീവരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോ.സോണിയ.

