മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ അടിപിടി: ഒരാൾ മരിച്ചു

പാലാ ഏപ്രിൽ 14: മദ്യലഹരിയില്‍ സുഹൃത്തുമായി വാക്കുതര്‍ക്കവും അടിപിടിയും. തലയ്ക്കടിയേറ്റ യുവാവ് വീട്ടിലെത്തി കിടന്നുറങ്ങി, പിന്നാലെ മരണവും സംഭവിച്ചു. സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കിഴക്കേ കൂടല്ലൂര്‍ വെള്ളാപ്പള്ളില്‍ ലൂയിസിന്റെ മകന്‍ ലിജോ (39) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചിലമ്ബത്ത് ആല്‍ബിന്‍ തോമസിനെ (25) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് രാത്രി 10 മണിയോടെ പടിഞ്ഞാറേ കൂടല്ലൂര്‍ ചന്തയ്ക്കു സമീപമായിരുന്നു സംഭവം.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് -ലിജോയും സുഹൃത്ത് ഗിരീഷും ഈസ്റ്റര്‍ ദിനത്തില്‍ ഒരുമിച്ച്‌ മദ്യപിച്ചിരുന്നു. ഇതിനുശേഷം 10 മണിയോടെ ലിജോ ബൈക്കില്‍ ഗിരീഷിനെ വീട്ടില്‍ കൊണ്ടുപോയി വിട്ടു.

ഗിരീഷിന്റെ വീടിനു സമീപമാണ് ആല്‍ബിന്റെ വീട്. ഇവിടെ വച്ച്‌ ലിജോയും ആല്‍ബിനും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായി.

ആല്‍ബിന്‍ ലിജോയെ വിറക് കൊണ്ട് അടിച്ചു. ഇരുവരും തമ്മില്‍ മുന്‍ വൈരാഗ്യം ഉണ്ടായിരുന്നു. ആല്‍ബിന്റെ പിതാവ് തോമസിനെതിരെയും ലിജോ അസഭ്യം മുഴക്കിയിരുന്നു. അടിയേറ്റു നിലത്തുവീണ ലിജോ കുറച്ചുനേരം അവിടെ കിടന്നു. പിന്നീട് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങി.

വീട്ടിലെത്തിയ ലിജോ മദ്യലഹരിയില്‍ കിടന്നുറങ്ങി. ഇതിനിടെ വാക്കേറ്റമുണ്ടായെന്നും അക്രമം നടത്തിയെന്നും കാണിച്ച്‌ ആല്‍ബിന്റെ പിതാവ് ലിജോക്കെതിരെ കിടങ്ങൂര്‍ പൊലീസില്‍ പരാതി നല്‍കി. ആല്‍ബിന്റെ വീട്ടിലും ലിജോയുടെ വീട്ടിലും പൊലീസ് എത്തി വിവരങ്ങള്‍ തിരക്കി. ലിജോയെ ഭാര്യ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തലയ്ക്ക് അടിയേറ്റതാണ് മരണകാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് എസ് എച്ച്‌ ഒ സിബി തോമസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →