‘ഭക്ഷണം ഫ്രീയായി ഞണ്ണുന്നു’ എന്ന പ്രയോഗത്തില്‍ മനംനൊന്ത് 85കാരന്‍ ഭക്ഷണത്തിന്റെ പണം പഞ്ചായത്തിന്‌ കൊടുത്തു.

നിലമ്പൂര്‍ : നിലമ്പൂര്‍ കരുളായി പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം കഴിച്ച 85 കാരന്‍ സന്നദ്ധപ്രവര്‍ത്തകനില്‍ നിന്ന് നേരിട്ട അപമാനത്തെപ്പറ്റി പറയുന്നത് ഇങ്ങനെ; “ഒരു വളണ്ടിയര്‍ ഒരു വീട്ടില്‍ ചെന്നാല്‍ അവരോട് എങ്ങനെയാണ് സംസാരിക്കണ്ടേത് എന്ന മര്യാദയുള്ളവരെ അയക്കാവൂ എന്ന് സെക്രട്ടറിയോട് പറഞ്ഞു. എനിക്ക് അവരുടെ ഭക്ഷണമേ വേണ്ട. പഞ്ചായത്തില്‍ ഭക്ഷണത്തിന്റെ പൈസ കൊടുക്കാനായിട്ട് പോയതാണ്. ഞാന്‍ നക്കിയതല്ലേ അതിന്റെ പൈസ കൊടുക്കണ്ടേ ? ഞണ്ണിയല്ലോ എന്നതിന്റെ അര്‍ത്ഥം എന്താ? നാലഞ്ചുദിവസം ഞണ്ണിയല്ലോ എന്നാ പറഞ്ഞത്.” വൃദ്ധരും അവശരുമായ ആളുകള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഭക്ഷണം കിട്ടാതെ വലയുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി ഏര്‍പ്പെടുത്തിയ കമ്യൂണിറ്റി കിച്ചണില്‍ നിന്ന് മൂന്നുദിവസം ഭക്ഷണം കഴിച്ചതിന്റെ ബില്ല് പഞ്ചായത്തില്‍ കൊണ്ടുപോയി അടച്ച 85 കാരന്റെ നടപടി വാര്‍ത്തയാകുകയാണ്. നിലമ്പൂരിലെ കരുളായി പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം കഴിച്ച 85 കാരനാണ് മൂന്നുദിവസത്തെ ഭക്ഷണത്തിന്റെ പണം മടക്കി കൊടുത്തത്. ഭക്ഷണം വിതരണം ചെയ്യാനെത്തിയ പഞ്ചായത്ത് മെമ്പറുടെ മകന്‍ കൂടിയായ സന്നദ്ധ പ്രവര്‍ത്തകന്‍ അപമാനിച്ചതില്‍ മനംനൊന്താണ് ഇദ്ദേഹം പണം മടക്കി നല്‍കിയത്. കമ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം വരുന്നതും കാത്ത് ഉച്ചകഴിഞ്ഞ് 3 മണി വരെ കാത്തിരുന്നു. വൈകി ഭക്ഷണം എത്തിയപ്പോള്‍ വിശന്നുവലഞ്ഞ വൃദ്ധന്‍ ഉച്ചയ്ക്കല്ലേ ഭക്ഷണം തരേണ്ടതെന്ന് ചോദിച്ചു. പഞ്ചായത്ത് മെമ്പറുടെ മകന്‍ കൂടിയായ സന്നദ്ധ പ്രവര്‍ത്തകന് ഇത് രസിച്ചില്ല. ‘വേണമെങ്കില്‍ ഞണ്ണിക്കോ തന്തെ മൂന്നാല് ദിവസമായിട്ട് ഫ്രീയായി ഞണ്ണുന്നതല്ലേ’ എന്നായിരുന്നു സന്നദ്ധപ്രവര്‍ത്തകരുടെ പ്രതികരണം. മുഖത്ത് അടി കിട്ടിയത് പോലെ സ്തംഭിച്ചു നിന്ന 85 കാരന്‍ ഭക്ഷണം നിരസിച്ചു. കെട്ടി മേയാത്ത കൂരയിലെ അവസാന സമ്പാദ്യവും എടുത്ത് നേരെ പഞ്ചായത്തിലേക്ക് പോയി. മൂന്നു ദിവസം കഴിച്ച ഭക്ഷണത്തിന്റെ തുക പഞ്ചായത്തില്‍ ഏല്‍പ്പിച്ച് മടങ്ങിപോന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →