അതിർത്തി അടച്ച സംഭവം: അഞ്ചരയ്ക്ക് മുമ്പ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി ഏപ്രിൽ 1: കോവിഡ് പശ്ചാത്തലത്തിൽ കർണാടക അതിർത്തി അടച്ച സംഭവത്തിൽ ഉടൻ തീരുമാനം വേണമെന്ന് ​ഹൈക്കോടതി. മനുഷ്യജീവന്റെ പ്രശ്നമാണ് ഇതെന്നും കൂടുതൽ നീട്ടി​ക്കൊണ്ടു പോകാനാവില്ലെന്നും കോടതി പറഞ്ഞു. വിഷയത്തിൽ കർണാടക കൂടുതൽ സമയം ആശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് മുമ്പ് നിലപാടറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തിൽ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തും. എന്നാൽ, ഇതിനായി കാത്തിരിക്കാനാവില്ലെന്നും തീരുമാനം ഇന്ന് ​വൈകിട്ട് തന്നെ അറിയിക്കണമെന്നും കോടതി നിർദേശിക്കുകയായിരുന്നു. കേസിൽ ഇന്നുതന്നെ വിധി ഉണ്ടായേക്കും.

രൂക്ഷ കോവിഡ് ബാധിത പ്രദേശമായ കാസർകോടേക്കുള്ള അതിർത്തിപാത തുറക്കാനാവില്ലെന്ന് കർണാട അഡ്വക്കേറ്റ് ജനറൽ ​അറിയിച്ച പശ്ചാത്തലത്തിൽ കോടതി സംസ്ഥാനത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ചു. കർണാടകത്തിന്റെ നടപടിയെ മനുഷ്യത്വരഹിതമെന്നാണ് കോടതി വിശേഷിപ്പിച്ചത്.

സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമായതിനാൽ സുപ്രീംകോടതി ഹർജി പരിഗണിക്കുന്നതാകും ഉചിതമെന്ന വാദവും കോടതി അംഗീകരിച്ചില്ല. കേരളത്തിലെ ജനങ്ങളുടെ പ്രശ്നമായതിനാൽ വിഷയത്തിൽ കേരള ​ഹൈക്കോടതിയ്ക്ക് ഇടപെടാമെന്ന് കോടതി വ്യക്തമാക്കി.

കാസർകോട് അതിർത്തി തുറക്കില്ലെന്ന നിലപാട് കർണാടക ഇന്നും ആവർത്തിച്ചതോടെ, മംഗലാപുരത്തേക്ക് പോകുന്ന വാഹനങ്ങൾ അണുവിമുക്തമാക്കാം എന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, അനുകൂലമായ നിലപാടല്ല കർണാടകയുടെ ഭാഗത്തു നിന്നുണ്ടായത്.

കാസർകോട് നിന്ന് മംഗലാപുരത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ആറുപേർ ചികിത്സ കിട്ടാതെ മരിച്ചെന്ന് കേരളം ഇന്ന് ​​ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിൽ നിന്നുള്ളവരെ ചികിത്സിക്കാൻ തയ്യാറാണെന്ന് കാണിച്ച് മംഗലാപുരത്തെ ആശുപത്രികൾ നൽകിയ കത്ത് ഉൾപ്പെടെയാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

കാസർകോട് ജില്ലയോട് അടുത്ത പ്രധാന നഗരം മംഗലാപുരമാണ്. ജില്ലയിൽ നിന്നുള്ളവർ പതിറ്റാണ്ടുകളായി വിദഗ്ധ ചികിത്സ തേടുന്നത് മംഗലാപുരത്തു നിന്നാണ്. സ്ഥിരമായി പരിശോധന നടത്തേണ്ടവരും തുടർചികിത്സ വേണ്ടവരുമായി നിരവധി രോഗികൾ ജില്ലയിലുണ്ടെന്നും കേരളം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം