മരണമെത്തിയ നേരം ഒരു നിമിഷമെങ്കിലും ജീവിതം നീട്ടികിട്ടാന്‍ അവര്‍ കെഞ്ചി

ന്യൂഡല്‍ഹി മാര്‍ച്ച് 19: നിസ്സഹായ അവസ്ഥയില്‍ ദയയ്ക്കായി അവള്‍ നടത്തിയ കെഞ്ചലുകളെപ്പറ്റി ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. വന്യമായ ആക്രമണമായിരുന്നു അവള്‍ക്ക് തിരിച്ചുകിട്ടിയത്. ഒരു ദ്രോഹവും ചെയ്യാത്ത സഹജീവികളിലൊന്നിനോട് മൃഗങ്ങള്‍ പോലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തവരുടെ ജീവന് നിയമം കൊലക്കയര്‍ മുറുക്കുന്നതോടെ ജീവിച്ചിരിക്കാനുള്ള ദാഹം കൊണ്ട് അവര്‍ കെഞ്ചുകയാണ്. എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞു ഒരു നിമിഷമെങ്കില്‍ അത് മതി, അത്രയെങ്കിലും ജീവിതത്തില്‍ തങ്ങി നില്‍ക്കാനുള്ള ശ്രമങ്ങളുടെ വഴി അടയുകയാണ്. നിശ്ചിതമായ വിധിയിലേയ്ക്ക് അവര്‍ നടന്നുചെന്നേ മതിയാകൂ. ഒരു പക്ഷേ ഈ രാത്രിയോളം നീളമുള്ള രാത്രി അവര്‍ അനുഭവിച്ചിരിക്കാനിടയില്ല.

രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളെ മാര്‍ച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാനുള്ള പട്യാല ഹൗസ് കോടതിയുടെ മരണവാറന്റ് നടപ്പാക്കപ്പെടുകയാണ്. മുകേഷ് സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ്മ (26), അക്ഷയ് സിങ് ഠാക്കൂര്‍ (31) എന്നിവരാണ് പ്രതികള്‍. 23കാരിയായ പെണ്‍കുട്ടിയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്യുകയും ആക്രമിച്ച് മൃതപ്രായാക്കുകയും ചെയ്ത സംഭവത്തില്‍ പിന്നീട് പെണ്‍കുട്ടി ആശുപത്രിയില്‍ മരണമടയുകയും ചെയ്തതായിരുന്നു സംഭവം.

നാലാം തവണയാണ് പ്രതികള്‍ക്ക് മരണവാറന്റ് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വാറന്റ് പുറപ്പെടുവിച്ചെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ പലതും പരിഗണനയിലിരുന്ന സാഹചര്യത്തില്‍ റദ്ദാക്കുകയായിരുന്നു. നാലുപ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.

2012 ഡിസംബര്‍ 16ന് രാത്രി 9 മണിക്ക് സിനിമ കണ്ട് താമസസ്ഥലത്തേക്ക് മടങ്ങാന്‍ ബസ് കാത്തിരിക്കുകയായിരുന്നു ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയും അവളുടെ സുഹൃത്തും. പതിവ് സര്‍വ്വീസ് നടത്തുന്ന ബസാണെന്ന് കരുതി അവര്‍ കയറിയ ബസിലുണ്ടായിരുന്ന ആറംഗ സംഘം അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഉപദ്രവിച്ചു. ഇരുവരെയും നഗ്നരാക്കി മഹിപാല്‍പൂര്‍ ഫ്ളൈ ഓവറിനു സമീപം വിജനമായ റോഡരികിലേക്ക് വലിച്ചെറിഞ്ഞു. അതുവഴി വന്നൊരു യാത്രക്കാരന്‍ പോലീസിനെ അറിയിച്ചു. ആന്തരാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റ നിര്‍ഭയയെ ആദ്യം സഫ്ദര്‍ജിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. ഡിസംബര്‍ 29ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍വെച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങി.

പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത കാട്ടുതീ പോലെ രാജ്യത്തിനകത്തും പുറത്തും പടര്‍ന്നു. റൈസിന കുന്നിലും ഇന്ത്യാ ഗേറ്റിലുമായി ഡിസംബര്‍ 21ന് പ്രതിഷേധ കൂട്ടായ്മ നടന്നു. പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. ജലപീരങ്കിയും ടിയര്‍ ഗ്യാസും പോലീസ് പ്രയോഗിച്ചു. രാഷ്ട്രപതി ഭവന് മുന്നില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന് പിന്നാലെ നിരോധനാജ്ഞയും പുറപ്പെടുവിച്ചു.യുവതിയുടെ മരണത്തെച്ചൊല്ലി പാര്‍ലമെന്‍റിലുണ്ടായ ബഹളം ദിവസങ്ങളോളം തുടര്‍ന്നു. വസന്ത് വിഹാറിലും മുനീര്‍ക്കയിലും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അലയടിച്ചു.

സംഭവം നടന്ന് 72 മണിക്കൂറിനകം കേസ് തെളിയിക്കാന്‍ പോലീസിനായി. അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് അക്രമം നടന്ന ബസ് കണ്ടെത്തി. 24 മണിക്കൂറിനകം ബസ് കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതിയായ രാം സിങ് പിടിയിലായി. പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂറിനെ ബീഹാറില്‍ നിന്ന് പിടികൂടി. കേസിലുള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്തയാളെ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ നിന്ന് അറസ്റ്റ് ചെയ്തു. പത്തു ദിവസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റകൃത്യം തെളിയിക്കാന്‍ പോലീസ് സമര്‍പ്പിച്ച ശാസ്ത്രീയ തെളിവുകള്‍ കോടതി അംഗീകരിച്ചു. ഡിഎന്‍എ പരിശോധന പ്രതികളെ തിരിച്ചറിയാനും ഉപകരിച്ചു. 2013 ഒക്ടോബറിലാണ് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചു. നിര്‍ഭയയുടെ അമ്മ ആശാദേവിയുടെ ജീവിതം ഏഴുവര്‍ഷമായി കോടതി മുറികളിലും വക്കീല്‍ ഓഫീസുകളിലുമാണ്. ഇവരുടെ വിശ്രമമില്ലാത്ത പോരാട്ടം വേഗത്തില്‍ നീതി നടപ്പാക്കുന്നതിന് കാരണമായിട്ടുണ്ട്.

നിർഭയയുടെ ‘അമ്മ ആശാദേവി: ഒടുവിൽ നീതി ലഭിക്കുന്നതിന്റെ ആശ്വാസം

നാലു പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതിന് പിന്നാലെ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത യാളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് ഇയാളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന കാരണത്താല്‍ ബാലാവകാശ നിയമപ്രകാരം വിചാരണ നേരിട്ട പ്രതി, നിരീക്ഷണ കേന്ദ്രത്തിലെ മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി 2015 ഡിസംബറില്‍ ജയില്‍ മോചിതനായി.

ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവര്‍ ഡിസംബര്‍ 17നും മറ്റുള്ളവര്‍ നാലുദിവസത്തിനകവും അറസ്റ്റിലായി. മുഖ്യപ്രതി രാംസിങ് 2013 മാര്‍ച്ച് 11ന് തീഹാര്‍ ജയിലില്‍ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാന്‍ അതിവേഗ കോടതി 2013 സെപ്റ്റംബര്‍ 13ന് വിധിച്ചു. 2014 മാര്‍ച്ച് 13ന് ഹൈക്കോടതിയും 2017 മേയ് 5ന് സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചു.

രാജ്യം കാത്തിരിക്കുന്ന വിധി നടപ്പാക്കുന്നത് നിയുക്തനായ ആരാച്ചാര്‍ സിദ്ധിറാം എന്ന പവന്‍ ജല്ലാദാണ്. നിര്‍ഭയ കേസിലെ നാലുപ്രതികളെ തൂക്കിലേറ്റുമ്പോള്‍ ഇന്ത്യയിലെ ഔദ്യോഗിക ആരാച്ചാര്‍മാരില്‍ ഒരാളായ ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി പവന്‍ ജല്ലാദിന് പ്രതിഫലമായി ലഭിക്കുക ആളൊന്നിന് 25,000 രൂപയാണ്. ആകെ ഒരുലക്ഷം. ഈ പണം കൊണ്ട് മകളുടെ വിവാഹം നടത്തണമെന്നാണ് ജല്ലാദിന്റെ ആഹ്ലാദം. പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ പൂര്‍ത്തിയായി. പ്രതികളുടെ ഡമ്മി പരീക്ഷിച്ചു. പ്രതികള്‍ ജയിലില്‍ സ്വയം മുറി വേല്‍പ്പിക്കുന്നതുള്‍പ്പടെയുള്ള സാഹചര്യങ്ങള്‍ തടയാന്‍ സെല്‍ മുറിക്ക് പുറത്ത് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നാലുപ്രതികളുടെയും വധശിക്ഷ വെള്ളിയാഴ്ച രാവിലെ 5.30ന് നടപ്പാക്കാനാണ് കോടതി വിധി.

ഡൽഹി തീഹാർ ജയിൽ

ബീഹാറിലെ ബക്സര്‍ ജയിലിലാണ് തൂക്കികൊലയ്ക്ക് ഉപയോഗിക്കുന്ന കയര്‍ നിര്‍മ്മിക്കുന്നത്. പഞ്ചാബില്‍ കൃഷി ചെയ്യുന്ന പ്രത്യേക ഇനം പരുത്തിയില്‍ നിന്നുള്ള നൂലാണ് തൂക്കുകയര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. 2013 പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റാനാണ് അവസാനമായി ബക്സറില്‍ നിന്ന് തീഹാര്‍ ജയിലിലേക്ക് തൂക്കുകയര്‍ എത്തിയത്.

അവസാനനിമിഷം വരെയും തൂക്കിക്കൊല നീട്ടിവെയ്ക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. നിയമവ്യവസ്ഥ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ച് ദിവസങ്ങള്‍ ഇരന്നുവാങ്ങി. എങ്കിലും അനിവാര്യമായ വിധിക്കുമുമ്പില്‍ അവര്‍ മാര്‍ച്ച് 20ന് രാവിലെ 5.30ന് കീഴടങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →