കാസർഗോഡ് മാർച്ച് 4: തൊഴിലുറപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ അങ്കണവാടികള്‍ കോടോംബേളൂരിന് സ്വന്തം. തൊഴിലുറപ്പ് പദ്ധതിയില്‍ നൂതന പ്രവര്‍ത്തനങ്ങളിലൂടെ വ്യത്യത്യസ്തമാവുകയാണ് കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്ത്. ആസ്തി വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുമായും ചേര്‍ന്ന് രൂപീകരിക്കുന്ന സംയോജിത പദ്ധതികളാണ് കൂടുതലും പഞ്ചായത്തില്‍ നടപ്പാക്കുന്നത്. ഇതില്‍ അങ്കണവാടി നിര്‍മ്മാണവും മീന്‍കുളങ്ങളും ശ്രദ്ധേയമാണ്. ഇത്തരം സംയോജിത പദ്ധതികളിലൂടെ പഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യവികസനവും പരിസ്ഥിതി സംരക്ഷണവും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നുവെന്ന് കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 5.85 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നത്. പഞ്ചായത്തിലെ 7,322 ആളുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളാണ്.
ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ അങ്കണവാടികള്‍ നിര്‍മ്മിക്കുന്നത് കോടോംബേളൂര്‍ പഞ്ചായത്തിലാണ്. അഞ്ച് അങ്കണവാടികളാണ് വനിതാ-ശിശു ക്ഷേമ വകുപ്പ്, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയോജിത പദ്ധതിയായി കോടോംബേളൂരില്‍ തയ്യാറാകുന്നത്. അയറോട്ട് അങ്കണവാടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ മറ്റു സൗകര്യങ്ങളൊരുക്കാന്‍ നാട്ടുകാര്‍കൂടി സഹകരിച്ചതോടെ പഞ്ചായത്തിലെ തന്നെ മികച്ച അങ്കണവാടിയിലൊന്നാണ് അയറോട്ടെ അങ്കണവാടി. 10 ലക്ഷം രൂപ ചിലവിലാണ് ഓരോ അങ്കണവാടികളും നിര്‍മ്മിക്കുന്നത്. പഞ്ചായത്തിലെ എല്ലാ അങ്കണവാടികള്‍ക്കും ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പില്‍ പുരോഗമിക്കുകയാണ്.
