ന്യൂഡല്‍ഹി ഫെബ്രുവരി 5: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്ത ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഉച്ചയ്ക്ക് 2.30നാണ് കോടതി വിധി പറയുക. ദയാഹര്‍ജികള്‍ തള്ളിയവരെ തൂക്കിലേറ്റണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റണമെന്ന നിയമം നിലനില്‍ക്കില്ലെന്നും ഒരിക്കല്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസമില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വാദം.
നിയമത്തിന്റെ പഴുതുകളെ ദുരുപയോഗം ചെയ്ത് ശിക്ഷ പരമാവധി നീട്ടാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നത്. ഇവരെപ്പോലെയുള്ള നരാധമന്മാര്‍ തെരുവിലിറങ്ങി നടക്കുന്നത് കൊണ്ട് പെണ്‍കുട്ടികളെ അമ്മമാര്‍ പുറത്തുവിടുന്നില്ലെന്നും തുഷാര്‍ മെഹ്ത്ത വാദത്തിനിടെ പറഞ്ഞു. നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം പ്രതികള്‍ക്ക് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച പട്യാല കോടതി പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തത്.