വയാനാട് ജനുവരി 17: വയനാട് ബത്തേരിയില്‍ അച്ഛനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. കാര്യമ്പാടി സ്വദേശി ജോസഫിനും മകള്‍ നീതുവിനുമാണ് സംഭവത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോസഫ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നീതു ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണു. ബസ് നിര്‍ത്താതെ പോയതോടെ യാത്രക്കാര്‍ ബഹളം വച്ചു. അല്‍പദൂരം മാറി ബസ് നിര്‍ത്തി. ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടര്‍ പുറത്തേക്ക് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയെല്ലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ജോസഫിന്റെ മകള്‍ നീതു പോലീസില്‍ പരാതി നല്‍കി.