തിരുവനന്തപുരം ജനുവരി 15: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി പിഴ ഈടാക്കാനുള്ള നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കും. പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പുതുവര്‍ഷം മുതല്‍ പ്രാബല്യത്തിലായെങ്കിലും പിഴ ഈടാക്കുന്നത് ജനുവരി 15 മുതലെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച പിഴ.
കളക്ടര്‍മാര്‍, സബ് കളക്ടര്‍മാര്‍, തദ്ദേശ ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിരോധനം നടപ്പാക്കാനുള്ള ചുമതല. ആദ്യ നിയമലംഘനത്തിന് 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 25,000 രൂപയും മൂന്നാം തവണയും ലംഘിച്ചാല്‍ 50,000 രൂപയും പിഴ ഈടാക്കും. ഒപ്പം സ്ഥാപനത്തിന്റെ പ്രവര്‍ത്താനുമതി റദ്ദാക്കും.