തൃശ്ശൂര്‍ ജനുവരി 15: ടോള്‍ പ്ലാസകളില്‍ ബുധനാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കും. പലയിടത്തും ഇത് ഗതാഗതക്കുരുക്കിന് വഴിവെച്ചേക്കുമെന്ന ആശങ്കയുണ്ട്. കേരളത്തില്‍ പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ രാവിലെ 10 മണി മുതല്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കി തുടങ്ങും. നിലവില്‍ 12 ടോള്‍ ബൂത്തുകളാണ് പാലിയേക്കരയിലുള്ളത്. ആറ് ബൂത്തുകള്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കും ആറ് ബൂത്തുകള്‍ ഫാസ്ടാഗ് സംവിധാനമുള്ള വാഹനങ്ങള്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്.
കേരളത്തില്‍ 40 ശതമാനം വാഹനങ്ങള്‍ മാത്രമേ ഫാസ്ടാഗ് സംവിധാനത്തിലേക്ക് കടന്നിട്ടുള്ളൂ. ബാക്കിയുള്ള 60 ശതമാനം വാഹനങ്ങള്‍ക്കായി രണ്ടു ടോള്‍ ബൂത്തുകള്‍ മാത്രമാണ് ഉണ്ടാകുക. ഇത് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ കൂടാതെ വാളയാര്‍ പാമ്പന്‍പള്ളം ടോള്‍, അരൂര്‍ കുമ്പളം ടോള്‍, കൊച്ചി കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡിലെ പൊന്നാരിമംഗലം ടോള്‍ പ്ലാസ എന്നിവിടങ്ങളിലാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്.