ന്യൂഡല്‍ഹി ജനുവരി 10: അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. നിയന്ത്രണങ്ങളെല്ലാം അധികൃതര്‍ ഒരാഴ്ചക്കുള്ളില്‍ പുനഃപരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്റര്‍നെറ്റ് സേവനം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായുള്ള ഭരണഘടനാ അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
സര്‍ക്കാര്‍ വെബ്സൈറ്റുകളും ഇ-ബാങ്കിങ്ങ് സേവനങ്ങളും ലഭ്യമാക്കണമെന്നും നിശ്ചിത ഇടവേളയില്‍ ഇത് പുനഃപരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്ശേഷം ജമ്മു കാശ്മീരില്‍ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത ഹര്‍ജികളില്‍ വിധി പറയുകയായിരുന്നു സുപ്രീംകോടതി. അനിശ്ചിതകാലത്തേക്ക് നിയന്ത്രണങ്ങള്‍ നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും ഇത് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നും സുപ്രീംകോടതി പറഞ്ഞു.

