ന്യൂഡല്‍ഹി ജനുവരി 6: മദ്രസ അധ്യാപക നിയമനത്തില്‍ സര്‍ക്കാരിന് ഇടപെടാമെന്ന് സുപ്രീംകോടതി തിങ്കളാഴ്ച വിധിച്ചു. നിയമനം സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷന്‍ നടത്തണമെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിയമം സുപ്രീംകോടതി ശരിവച്ചു. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ 2008ല്‍ നടപ്പാക്കിയ നിയമമാണ് മദ്രസകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ശരിവച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്രയും യുയു ലളിതും അടങ്ങിയ ബഞ്ചാണ് സുപ്രധാന വിധി പറഞ്ഞത്.
ഭരണഘടനയുടെ 30-ാം അനുച്ഛേദം പ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശത്തിന് എതിരാണ് പശ്ചിമ ബംഗാളിന്റെ ഈ നിയമമെന്ന വാദമാണ് മദ്രസകള്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. ഇനിമുതല്‍ പശ്ചിമബംഗാളിലെ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന എല്ലാ മദ്രസകളിലേയും അധ്യാപക നിയമനത്തിന്റെ പൂര്‍ണ ചുമതല സര്‍ക്കാര്‍ നിയോഗിക്കുന്ന കമ്മീഷനായിരിക്കുമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.