ന്യൂഡല്‍ഹി ഡിസംബര്‍ 9: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തി കൊന്ന സംഭവത്തില്‍ ആറ് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ബീഹാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷന്‍ ഇന്‍ചാര്‍ജായ അജയ് ത്രിപാഠി, അരവിന്ദ് സിങ് രഖു, എസ്ഐ ശ്രീറാം, പോലീസുകാരായ പങ്കജ് യാദവ്, മനോജ്, സന്ദീപ് കുമാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
പെണ്‍കുട്ടി പ്രതികളുടെ ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയിട്ടും പോലീസ് സംരക്ഷണം നല്‍കിയില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. വിചാരണയ്ക്കായി റായ്ബറേലി കോടതിയില്‍ പോയ ഇരയായ യുവതിയെ പ്രതികള്‍ തീ കൊളുത്തി എന്നാണ് കേസ്. കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പോലീസും സര്‍ക്കാരും വ്യക്തമാക്കി.