ന്യൂഡല്‍ഹി ഡിസംബര്‍ 2: ഹൈദരാബാദില്‍ വനിതാ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പൊതുജനത്തിന് വിട്ടു കൊടുക്കണമെന്ന് നടിയും സമാജ്വാദി പാര്‍ട്ടി എംപിയുമായ ജയാ ബച്ചന്‍ രാജ്യസഭയില്‍ പറഞ്ഞു. ജനക്കൂട്ടം ശിക്ഷ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു. നീതി ലഭിക്കുമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ ഉത്തരം നല്‍കണം. നിര്‍ഭയ കേസില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും ജയാ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ രാജ്യസഭ ഒന്നടങ്കം അപലപിച്ചു. സംഭവം സമൂഹത്തിനും മൂല്യവ്യവസ്ഥയ്ക്കും അപമാനമാണെന്ന് രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ബലാത്സംഗം ചെയ്യുന്നവരോട് ഒരു ദയയും കാണിക്കേണ്ടതില്ല. ഇത് മുളയിലേ നുള്ളി കളയേണ്ടതാണ്. ഇപ്പോ തന്നെ നമ്മള്‍ വൈകി. ഇനി താമസിക്കരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
നമ്മള്‍ ഉണ്ടാക്കിയ നിയമങ്ങളെല്ലാം പര്യാപ്തമാണെന്ന് തോന്നുന്നു. രാജ്യം മുഴുവന്‍ ഒത്തുച്ചേര്‍ന്ന് അത്തരം സംഭവങ്ങള്‍ നടക്കാത്ത സാഹചര്യം സൃഷ്ടിക്കണം. കര്‍ശനമായ ശിക്ഷകള്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

