കൊച്ചി നവംബര്‍ 26: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ചൊവ്വാഴ്ച കേരളത്തിലെത്തി. കഴിഞ്ഞ മലചവിട്ടാനെത്തിയ ബിന്ദു അമ്മിണി അടക്കം നാലുപേര്‍ സംഘത്തിലുണ്ട്. രാവിലെ അഞ്ചുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും തൃപ്തി പ്രതികരിച്ചു.
വിമാനത്താവളത്തിലെത്തിയ സംഘം തുടര്‍ന്ന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണര്‍ ഓഫീസിലെത്തി. വിവരമറിഞ്ഞ് ബിജെപി നേതാവ് സിജി രാജഗോപാലിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം ഓഫീസിലെത്തി. ബിന്ദു അമ്മിണിയും ഇവരും തമ്മില്‍ തര്‍ക്കമുണ്ടായി. ബിന്ദുവിന് നേരെ മുളക് സ്പ്രേ ആക്രമണവുമുണ്ടായി. ശബരിമല ദര്‍ശനത്തിന് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തിയും സംഘവും കമ്മീഷണര്‍ ഓഫീസില്‍ കഴിയുകയാണ്.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി കേരളത്തിലെത്തിയിരുന്നു. വന്‍ പ്രതിഷേധത്തിനെ തുടര്‍ന്ന് മടങ്ങിപോകുകയായിരുന്നു.