തിരുവനന്തപുരം ഒക്ടോബര്‍ 22: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്ത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം ബാധകമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് എറണാകുളം നഗരത്തിലാണ്-19 സെന്‍റിമീറ്റര്‍.
അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ദുരന്താനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാകാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുമ്പ് ദുരന്തമുണ്ടായ സ്ഥലങ്ങളിലും ദുരന്തസാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എറണാകുളത്ത് പത്തും പാലക്കാട്ട് മൂന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആവശ്യമുള്ള സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.