ഐടി റിട്ടേണിനും പാന്‍ കാര്‍ഡിനും ആധാര്‍: ധനബില്ല് രാജ്യസഭ പാസ്സാക്കി

ന്യൂഡല്‍ഹി: 2021-22 വര്‍ഷത്തെ ധനബില്ല് രാജ്യസഭ പാസ്സാക്കി.ഐടി റിട്ടേണുകള്‍ സമര്‍പ്പിക്കാനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഭേദഗതികള്‍ ഉള്‍പ്പെടുന്ന ധനബില്ലാണ് സഭ അംഗീകരിച്ചത്. നികുതിവെട്ടിപ്പ് തടയുന്നതിനാണ് ഐടി റിട്ടേണുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. എല്ലാ ഇന്ത്യക്കാരുടെയും ഏക തിരിച്ചറിയല്‍ കാര്‍ഡായി ആധാര്‍ മാറിയേക്കാമെന്നും ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ആധാറിന്റെ ദുരുപയോഗത്തിന് സാധ്യത കുറവാണെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.കമ്പനിനിയമം, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ്, കോമ്പറ്റീഷന്‍, ഇപിഎഫ് തുടങ്ങിയ വിഷയങ്ങളിലെ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്ന ഏഴു ട്രിബ്യൂണലുകള്‍ ലയിപ്പിക്കുന്നതിനുള്ള നിര്‍ദേശവും ധനബില്ലിലുണ്ട്. ഇതോടൊപ്പം 19 ട്രിബ്യൂണലുകളിലേക്ക് ഏകീകൃത നിയമനചട്ടങ്ങളും ബില്‍ നിര്‍ദേശിക്കുന്നു. അതിനിടെ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ താറുമാറാക്കിയെന്നും തെറ്റായ ദിശയിലേക്ക് നയിച്ചുവെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ധനബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സൂചിപ്പിച്ചു.

രാജ്യത്തെ നിഷ്‌ക്രിയ ആസ്തി മാര്‍ച്ച് 2020ലെ കണക്കനുസരിച്ച 8.99 ലക്ഷം കോടിയായി വര്‍ധിച്ചുവെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.’യുപിഎ ഭരണകാലത്തെ തെറ്റായ നയങ്ങള്‍ മൂലം സമ്പദ്ഘടന കാര്യങ്ങള്‍ കുഴഞ്ഞിരിക്കുകയാണ്. മാര്‍ച്ച് 2020ലെ കണക്കില്‍ നിഷ്‌ക്രിയ ആസ്തി 8.99 ലക്ഷം കോടിയാണ്”- ധനമന്ത്രി പറഞ്ഞു. 2008ലെ ആഗോള സാമ്പത്തികപ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ച രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കാനും വലിയ തോതില്‍ മൂലധനം രാജ്യം വിടാനും കാരണമായതായും ധനമന്ത്രി കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →