കൊല്ലം: ജില്ലയിലെ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട് പ്രചാരണ പ്രവര്‍ത്തനങ്ങളും ക്യാമ്പുകളും നടത്തി ജനപ്രാധിനിത്യം വര്‍ധിപ്പിക്കുമെന്ന് ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. കോവിഡ് പ്രതിരോധം, ദുരന്ത നിവാരണ അതോറിറ്റി പ്രവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ അവലോകനം എന്നിവ നിര്‍വഹിക്കാന്‍ നടത്തിയ ഗൂഗിള്‍ യോഗത്തിലാണ് തീരുമാനം. കോവിഡ് പോസിറ്റീവായവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള ഫോം 12ഡി യുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനം ഊര്‍ജിതമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദിഷ്ട റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായി തയ്യാറാക്കി നല്‍കണം. കോവിഡ് രോഗവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കണം – കലക്ടര്‍ ആവശ്യപ്പെട്ടു.
വരണാധികാരികള്‍ അതത് മണ്ഡലങ്ങളിലെ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വൃദ്ധസദനങ്ങളിലെ വാക്സിനേഷന് മാര്‍ച്ച് 17ന് ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. ശ്രീലത അറിയിച്ചു. സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്, എ.ഡി.എം. അലക്സ്.പി. തോമസ്, സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

