പാലാ: പാലായില്‍ ‘ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായി’ വിലസി നടന്ന മുന്‍ പോലീസുകാരനെ പാലാ പോലീസ് അറ സ്റ്റ് ചെയ്തു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ പ്രസാദ് തോമസ് (49) ആണ് അറസ്റ്റിലായത്. പാലാ ടൗണിലെ യുവാവിന്റെ വിലകൂടിയ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. സമാനമായ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പിന്നീട് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ പാലായിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ താമസിച്ചുവരികയായിരുന്നു. ഒരു കേസന്വേഷണത്തിനായി പാലായില്‍ രഹസ്യമായി ക്യാമ്പ് ചെയ്യാെത്തിയാണെന്നാണ് ടൂറിസ്റ്റ് ഹോം ജീവനക്കാരോട് പറഞ്ഞിരുന്നത്.
ഇതിനിടെ പാലാ കാവനാല്‍ കുഞ്ഞുമോനെ ‘ഡിവൈഎസ്പി’എന്ന നിലയില്‍ ഇയാള്‍ പരിചയപ്പെട്ടിരുന്നു. 6.3.2021 ശനിയാഴ്ച പുലര്‍ച്ചെ കുഞ്ഞുമോന്റെ വീട്ടിലെത്തിയ പ്രസാദ് വീട്ടുകാര്‍ കാണാതെ മൊബൈല്‍ഫോണ്‍ കൈക്കലാക്കിയാണ് മടങ്ങിയത്. ഫോണ്‍ കാണാതായതോടെ കുഞ്ഞുമോന്‍ നടത്തിയ അന്വേഷണം പ്രസാദിലേക്കെത്തുകയായിരുന്നു. സംശയം തോന്നിയ കുഞ്ഞുമോന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ടൂറിസ്റ്റ് ഹോമിലെ മുറി തുറന്നെത്തിയ പാലാ എസ് ഐ ജോര്‍ജിനെ കണ്ടിട്ടും ‘ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രസാദ് തോമസിന് ‘കുലുക്കമൊന്നും ഉണ്ടായില്ല. എസ്‌ഐയുടെ യൂണിഫോമിലെ സ്റ്റാര്‍ കണ്ട് തിരിച്ചറിഞ്ഞ വ്യാജ ഡിവൈഎസ്പി തന്നെ കണ്ടാല്‍ സല്യൂട്ട് അടിക്കണമെന്ന് അറിഞ്ഞുകൂടെ എന്ന് പേടിപ്പിക്കുകയും ചെയ്തു. ഇത് കേട്ടിട്ടും കുലുക്കമില്ലാതെ നിന്ന എസ്‌ഐ ജോര്‍ജിന് മുന്നില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഒടുവില്‍ കീഴടങ്ങുകയായിരുന്നു. ഒരബദ്ധം പറ്റിപ്പോയി സഹായിക്കണേ സാറേ എന്ന്പറഞ്ഞ് എസ്‌ഐയുടെ കാലുപിടിക്കാനും പ്രസാദ് തോമസ് മടിച്ചില്ല. പ്രസാദിനെ പിടികൂടിയതറിഞ്ഞ് കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തി. 1993ല്‍ കണ്ണൂര്‍ കെഎപിയില്‍ പോലീസ് കാരനായിരുന്ന ഇയാളെ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് പോലീസില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.
പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്‍,സിഐ സുനില്‍ തോമസ് , എസ്‌ഐ കെസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തു.

