ഒടിടി നിയന്ത്രണത്തിന് നിയമനിർമാണം തന്നെ ആലോചിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി∙ ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ നിയമനിർമാണം തന്നെ ആലോചിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി. സര്‍ക്കാര്‍ നിലവിൽ ഉണ്ടാക്കിയ ചട്ടങ്ങള്‍ കൊണ്ടു മാത്രം ഒടിടി രംഗത്തെ നിയന്ത്രിക്കാനാകില്ലെന്നും കോടതി വിലയിരുത്തി.

മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ പ്രോസിക്യൂട്ട് ചെയ്യാനോ പിഴ ചുമത്താനോ ചട്ടങ്ങളിൽ വകുപ്പുകളില്ലെന്ന് രണ്ടംഗ ബെഞ്ച് പറഞ്ഞു. ഫലപ്രദമായ നിയന്ത്രണം സാധ്യമാകാൻ വ്യക്തമായ നിയമനിര്‍മാണം ആവശ്യമാണെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ വ്യക്തമാക്കി.

രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ കരട് നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

05/03/21 വെളളിയാഴ്ച ‘താണ്ഡവ്’ വെബ്‌സീരിസ് കേസുമായി ബന്ധപ്പെട്ട് ആമസോണ്‍ ഇന്ത്യ മേധാവി അപര്‍ണ പുരോഹിത് അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയില്‍ അപര്‍ണയ്ക്ക് കോടതി താല്‍ക്കാലിക സംരക്ഷണം അനുവദിച്ചു. ഒടിടി നിയന്ത്രണം ഈ കേസിന്റെ ഭാഗമാക്കാനും കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ക്കാനും കോടതി തീരുമാനിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →