ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സുഗമജീവിതം ഇന്‍ഡക്സ് 2020 (ഈസ് ഓഫ് ലിവിംഗ് ഇന്‍ഡക്സ് 2020) ല്‍ ഒന്നാംസ്ഥാനം നേടി ബെംഗളൂരു നഗരം. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുളളതും പത്തുലക്ഷത്തില്‍ താഴെ ജനസംഖ്യയുളളതുമായ 111 നഗരങ്ങളാണ് ഇതിനായി പരിഗണിച്ചത് . ഇതില്‍ നിന്നാണ് ഏറ്റവും മെച്ചപ്പെട്ട ജീവിതാന്തരീക്ഷം വാഗ്ദാനം ചെയ്യുന്ന നഗരം എന്ന നേട്ടത്തിന് ബെംഗളൂരു അര്‍ഹമായത്.
പത്തുലക്ഷത്തിലധികം ജനസംഖ്യയുളള 49 നഗരങ്ങളില്‍ നിന്നാണ് ബെംഗളൂരുവിനെ തെരഞ്ഞെടുക്കുന്നത്. പൂനൈ, അഹമ്മദാബാദ്, ,ചെന്നൈ, സൂറത്ത്, നവിമുംബൈ, കോയമ്പത്തൂര്‍, വഡോദര, ഇന്‍ഡോര്‍, ഗ്രേറ്റര്‍ മുംബൈ തുടങ്ങിയ നഗരങ്ങളാണ് ബെംഗളൂരുവിന് പിന്നിലുളളത്. രാജ്യതലസ്ഥാനമായ ഡല്‍ഹി 13-ാം സ്ഥാനത്താണ്. ശ്രീനഗറാണ് ഏറ്റവും പിന്നില്‍. കേന്ദ്ര ഹൗസിംഗ് ആന്റ് അര്‍ബന്‍ അഫേഴ്സ് മന്ത്രാലയമാണ് പട്ടിക പുറത്തുവിട്ടത്. 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുളള നഗരങ്ങളുടെ ഈസ് ഓഫ് ലിവിംഗ് ഇന്‍ഡക്സില്‍ ഷിംലയാണ് ഒന്നാംസ്ഥാനത്ത് . ഭൂവനേശ്വര്‍ രണ്ടാം സ്ഥാനത്തും സില്‍വാസ മൂന്നാംസ്ഥാനത്തുമാണ്. കാക്കിനാട, സേലം ,വെല്ലൂര്‍, ഗാന്ധിനഗര്‍ ,ഗുഡ്ഗാവ്, തുടങ്ങിയവയാണ് പട്ടികയില്‍ ഇടംപിടിച്ച നഗരങ്ങള്‍. 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുളള 62 നഗരങ്ങളുടെ പട്ടികയില്‍ മുസാര്പുറാണ് ഏറ്റവും പിന്നില്‍.
അതേസമയം 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുളള നഗരങ്ങളിലെ മുനിസിപ്പല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്സ് 2020 ല്‍ ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലാണ് ഒന്നാംസ്ഥാനത്ത് എത്തിയത്. തിരുപ്പതി, ഗാന്ധിനഗര്‍, കര്‍ണാല്‍, സേലം,തിരുപ്പൂര്‍, ബിലാസ്പൂര്‍, ഉദയപൂര്‍, ജാന്‍സി,തിരുനല്‍വേലി, എന്നിവയാണ് പട്ടികയില്‍ ന്യൂഡല്‍ഹിക്കു പിന്നില്‍. 10 ലക്ഷത്തിലധികം ജനസംഖ്യയുളളിടത്തെ മുനിസിപ്പല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്സില്‍ ഇന്‍ഡോറാണ് മുമ്പില്‍. സൂറത്ത്, ഭോപ്പാല്‍, തുടങ്ങിയ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ് ഇന്‍ഡോറിന് പിന്നില്‍.
ജീവിത നിലവാരം, നഗരവികസനത്തിലുളള വിവിധ പദ്ധതികള്‍ തുടങ്ങിയവ വിലയിരുത്തിയാണ് ഈസ്ഓഫ് ലിവിംഗ് ഇന്‍ഡക്സ് തയ്യാറാക്കുന്നത്.

