കോഴിക്കോട്: ബാലുശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുളള നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കെപിസിസിക്ക് പരാതി. ബാലുശേരി യുഡിഎഫ് യോഗമാണ് ധര്‍മജനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. ധര്‍മ്മജനെ മത്സരിപ്പിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് എതിരാളികള്‍ ചര്‍ച്ചയാക്കുമെന്നും , ഇത് യുഡിഎഫിന് ആക്ഷേപത്തിനിടയാക്കു മെന്നും ചൂണ്ടിക്കാട്ടിയാണ് മണ്ഡലം കമ്മറ്റി രംഗത്ത് വന്നിട്ടുളളത്.
ബാലുശേരി കോ-ഓപ്പറേറ്റീവ് കോളേജില്‍ ചേര്‍ന്ന യുഡിഎഫ് യോഗമാണ് ധര്‍മ്മജനെ മണ്ഡലത്തില്‍ നിര്‍ത്തരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുളളത്. കെപിസിസി അംഗങ്ങളടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെപ്പോലെ ഒരാളെ കെട്ടിയിറക്കുന്നത് യുഡിഎഫിന് ആക്ഷേപമാണെന്നും നടിയെ ആക്രമിച്ച കേസിലടക്കം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടാവുമെന്നും മാത്രമല്ല ബാലുശേരി പോലൊരു മണ്ഡലം പിടിച്ചെടുക്കണമെങ്കില്‍ രാഷ്ട്രീയ പരിചയമുളള ഒരാളാണ് വേണ്ടതെന്നും പരാതിയില്‍ പറയുന്നു. ധര്‍മ്മജനേക്കാള്‍ മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ നല്‍കുകയാണെങ്കില്‍ വിജയം ഉറപ്പാണെന്നും കത്തില്‍ പറയുന്നുണ്ട്.
ബാലുശേരിയില്‍ ധര്‍മജന്‍ മത്സരിക്കുമെന്നുളള സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ നടന്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനും പൊതുരംഗത്തുളള നിരവധിപേരുമായി സംവദിക്കാനും തുടങ്ങിയിരുന്നു. കോഴിക്കോട് ജില്ലയിലെ സംവരണ മണ്ഡലമായ ബാലുശേരിയില്‍ യുഡിഎഫിനായി കഴിഞ്ഞ തവണ മത്സരിച്ചത് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ആയിരുന്നു.