കൊല്ലം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ കോടികളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അമേരിക്കയിലെ ഒരു വന്‍കിട കുത്തക കമ്പനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് കഴിഞ്ഞ ആഴ്ച്ച ഇഎംസിസി ഇന്റര്‍നാഷണലുമായി 5000 കോടിയുടെ കരാര്‍ ഒപ്പിട്ടതായി ചെന്നിത്തല ആരോപിക്കുന്നു. കരാറിന് പിന്നില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്നും ചെന്നിത്തല ഐശ്വര്യകേരള യാത്രയ്ക്കിടെ വെളളിയാഴ്ച(19/02/21) രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ മത്സ്യമേഖലയെ സര്‍ക്കാര്‍ കുത്തകകള്‍ക്ക് തീറെഴുതിക്കഴിഞ്ഞതായും ചെന്നിത്തല ആഞ്ഞടിച്ചു.
സ്പ്രിംഗ്‌ളറിനേക്കാളും ഇ മൊബിലിറ്റിയേക്കാളും വലിയ അഴിമതിയാണ് കരാറുമായി ബന്ധപ്പെട്ട് നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് അഴിമതിയുടെ ഗൂഢാലോചന നടത്തിയത്. ഇഎംസിസി പ്രതിനിധികളുമായി 2018ല്‍ ന്യൂയോര്‍ക്കില്‍ മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി. കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും കേരളത്തിലെ കടലുകളില്‍ മത്സ്യബന്ധനം നടത്തും. അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് ഈ അമേരിക്കന്‍ കമ്പനി കടലിന്റെ അടിത്തട്ടുവരെ അരിച്ചുപെറുക്കി വന്‍ കൊള്ള നടത്തുമെന്നും ചെന്നിത്തല ആരോപിച്ചു. കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശ കമ്പനികള്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിട്ടുള്ളതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇഎംസിസിയുമായി കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ടറസ്റ്റ് വിളിക്കുകയോ ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു. ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിന്റെ മത്സ്യബന്ധന മേഖല നശിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊളിലാളികളുടെ വയറ്റത്തടിക്കുന്ന സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷധമുണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തിനിടെ പ്രതിപക്ഷനേതാവ് ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്തിന്റെ മത്സ്യനയത്തില്‍ മറ്റാരോടും കൂടിയാലോചന നടത്താതെ സര്‍ക്കാര്‍ മാറ്റം വരുത്തിയെന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ നിരത്തി. വന്‍കിട കമ്പനികളുമായി കൂടിയാലോചന നടത്തിയതുപ്രകാരമാണ് 2019ല്‍ മത്സ്യനയം തിരുത്തിയതെന്ന് ചെന്നിത്തല മാധ്യമങ്ങള്‍ക്കുമുന്നില്‍പ്പറഞ്ഞു. കരാറിനെക്കുറിച്ച് മന്ത്രിസഭയിലോ ബന്ധപ്പെട്ട സംഘടനകളുമായോ ചര്‍ച്ച നടന്നിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

