ബംഗളുരു: അണ്ണാ ഡി.എം.കെയില്‍ ശുദ്ധികലശം നടത്താന്‍ ജയലളിതയുടെ തോഴി ശശികല. പളനിസ്വാമിയെ ദ്രോഹിയെന്ന് വിശേഷിപ്പിച്ച്
ശശികലയുടെ ഉടമസ്ഥതയിലുള്ള നമതു എം.ജി.ആര്‍. പത്രം പുറത്തിറങ്ങിയതോടെയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. മുഖ്യമന്ത്രിയടക്കം കൂടെ നിന്നവര്‍ ചതിച്ചെന്നും പാര്‍ട്ടിയെ വഞ്ചകരില്‍നിന്ന് മോചിപ്പിക്കുമെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ശശികല നിലപാട് വ്യക്തമാക്കിയതോടെ അണ്ണാഡി.എം.കെ. നേതൃത്വം അങ്കലാപ്പിലാണ്. ജയലളിതയുടെ മരണശേഷം ശശികലയുടെ നേതൃത്വത്തിലാണ് പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കിയത്. പിന്നീട് എതിര്‍പക്ഷത്തായിരുന്ന പനീര്‍സെല്‍വത്തെ കൂടെകൂട്ടി പളനിസ്വാമി, ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.
ശശികലയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ടും ആശംസ അറിയിച്ചും പനീര്‍സെല്‍വം വിഭാഗം നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. നീക്കത്തിനു പിന്നില്‍ പനീര്‍സെല്‍വത്തിന്റെ മൗനാനുവാദമുണ്ടെന്ന് ആരോപിച്ച് പിന്നാലെ പളനിസ്വാമി അനുകൂലികളും രംഗത്തെത്തി.
ഒരു സാഹചര്യത്തിലും ശശികലയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്നു പളനിസ്വാമി വ്യക്തമാക്കിയിരുന്നു. ശശികലയെ സ്വാഗതം ചെയ്തതിനു തിരുനെല്‍വേലി ജില്ലാ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെയും തിരുച്ചിറപ്പള്ളി അനന്ദനല്ലൂര്‍ സെക്രട്ടറിയെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.
അതിനിടെ, കോവിഡ് മുക്തയായ ശശികലയെ ഇന്നു ഡിച്ചാര്‍ജ് ചെയ്യുമെന്നു ബംഗളുരു മെഡിക്കല്‍ കോളജ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പളനിസ്വാമി ദ്രോഹി: അണ്ണാ ഡി.എം.കെ കൈപിടിയിലാക്കി ശുദ്ധികലശം നടത്താന്‍ ശശികല
