മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ കര്‍ഷകനെ പോലീസ് പത്തുമണിക്കൂറോളം തടഞ്ഞുവച്ചു

ഇടുക്കി: മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ കര്‍ഷകനെ ലോഡ്ജില്‍ തടഞ്ഞുവച്ചതായി പരാതി. മുരിക്കാശേരി തേക്കിന്‍തണ്ട് ഓലിക്കത്തൊട്ടിയല്‍ ദേവസ്യചാക്കോ(56)യെ ആണ് തടഞ്ഞുവച്ചത്. 2018ലെ പ്രളയത്തില്‍ ദേവസ്യ ചാക്കോയുടെ ഒന്നരയേക്കര്‍ കൃഷിസ്ഥലം നഷ്ടപ്പെട്ടിരുന്നു. ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല. അതിനാല്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നല്‍കാനാണ് തിരുവനന്തപുരത്തേക്ക് പ്ലാക്കാര്‍ഡുമായി 2021 ജനുവരി 23ന് കാല്‍നടയായി ദേവസ്യ യാത്ര തിരിച്ചത്. എന്നാല്‍ തിങ്കളാഴ്ച മുഖ്യമന്ത്രി തൊടുപുഴയില്‍ എത്തുന്നതറിഞ്ഞ് നേരില്‍ കണാനായി ദേവസ്യ തൊടുപുഴയില്‍ മുറിയെടുത്ത് തങ്ങുകയായിരുന്നു. എന്നാല്‍ രാവിലെ ഏഴരയോടെ രണ്ടുപേര്‍ മഫ്തിയില്‍ ലോഡ്ജിലെത്തി തങ്ങള്‍ പോലീസുകാരാണെന്നും താങ്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതിയില്ലെന്നും പറഞ്ഞതായി ദേവസ്യ പറഞ്ഞു.

പിന്നീട് പോലീസുകാരുടെ അകമ്പടിയോടെയാണ് ദേവസ്യ ഭക്ഷണം കഴിക്കാന്‍പോലും പുറത്തിറങ്ങിയത്. മുഖ്യമന്ത്രി തൊടുപുഴയില്‍ നിന്ന പോയശേഷം വൈകുന്നേരം നാലുമണിയോടെയാണ് ദേവസ്യയെ പോകാനനുവദിച്ചത്. ഈ തിക്താനുഭവത്തോടെ തിരുവനന്തപുരത്തേക്കുളള യാത്ര ദേവസ്യ വേണ്ടെന്ന് വച്ചു.

വിഷയത്തില്‍ ഗാന്ധി ദര്‍ശന്‍ വേദി പ്രവര്‍ത്തരകര്‍കൂടി ഇടപെട്ടതിനെ തുടര്‍ന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ സ്ഥലത്തെത്തി മുഖ്യമന്ത്രിയുടേയും റവന്യൂ മന്ത്രിയുടേയും സാന്നിദ്ധ്യത്തില്‍ ഫെബ്രുവരി ഒന്നിന് വിഷയം ചര്‍ച്ചചെയ്യാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍കൂടിയാണ് ദേവസ്യാ ചാക്കോ യാത്ര ഉപേക്ഷിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →