തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ വനിത സെക്യൂരിറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാത്തതില്‍ ആശുപത്രി ജീവനക്കാര്‍ പ്രതിഷേധിച്ചു. സെക്യൂരിറ്റി ബിനുവിന്റെ പരാതിയില്‍ പൂവാര്‍ സ്വദേശി റിഷാദിനെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല.
തെളിവുസഹിതം പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പോലീസിനെതിരെ ജീവനക്കാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടുമണിക്കൂറിലേറെ ഒപിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടുന്നില്ലെങ്കില്‍ ആശുപത്രി സ്തംബിപ്പിക്കുന്ന രീതിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് ജീവനക്കാര്‍ മുന്നറിയിപ്പുനല്‍കി.
2021 ജനുവരി അഞ്ചാം തീയതിയാണ് സെക്യൂരിറ്റി ജീവനക്കാരിയായ ബിനുവിന് നേരെ ആക്രമണം ഉണ്ടായത്. പ്രസവ ചികിത്സാ വിഭാഗത്തിലേക്ക് ഭാര്യക്കൊപ്പം പ്രവേശിക്കണമെന്ന ആവശ്യം നിരസിച്ചതാണ് വാക്കുതര്‍ക്കത്തിലേക്കും തുടര്‍ന്ന് മര്‍ദ്ദനത്തിലും കലാശിച്ചത്. മര്‍ദ്ദനത്തില്‍ ഇവരുടെ കൈക്ക് പൊട്ടലുണ്ടായി അതിക്രമം തടയാനെത്തിയ മറ്റൊരു ജീവനക്കാരിക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതിയായ റിഷാദ് ഒളിവിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും ഉടന്‍ പിടിയിലവുമെന്നും പോലീസ് പറഞ്ഞു.

