വാളയാര്‍ കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ, മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി

തിരുവനന്തപുരം: വാളയാര്‍ കേസ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സി.ബി.ഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും.

കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേസ് സി.ബി.ഐ.ക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി.

52 ദിവസങ്ങളുടെ വ്യത്യാസത്തിലാണ് വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ സമാനമായ രീതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്ത പെണ്‍കുട്ടിയെ 2017 ജനുവരി 13നാണ് വീട്ടിലെ മുറിയില്‍ ഉത്തരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ടാമത്തെ പെണ്‍കുട്ടിയെ മാര്‍ച്ച് നാലിനും അതേ മുറിയില്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →